കൊട്ടാരക്കര: പഴയ കൊല്ലം - ചെങ്കോട്ട റോഡ് പുനർ നിർമ്മിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും നിർമ്മാണം അനിശ്ചിതത്വത്തിലാണെന്ന് പ്രദേശവാസികളുടെ പരാതി. റോഡ‌് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപരോധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് 'പഴയ കൊല്ലം- ചെങ്കോട്ട റോഡ് സംരക്ഷണ സമിതി " . രാജ ഭരണകാലത്തെ രാജപാതയായിരുന്നു പഴയ കൊല്ലം - ചെങ്കോട്ട റോഡ്. പിൽക്കാലത്ത് ഈ പാതയിൽ പുതിയ റോഡ് നിർമ്മിച്ചതോടെ പലരും സർക്കാർ ഭൂമി കൈയേറി. കൊട്ടാരക്കര ടൗണിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കൊട്ടാരക്കരയുടെ ചരിത്ര പാതയായ പഴയ കൊല്ലം- ചെങ്കോട്ട റോഡ് പുനർനിർമ്മിച്ച് ഗതാഗതം തിരിച്ചു വിടാൻ ജനകീയക്കൂട്ടായ്മ തീരുമാനിച്ചിരുന്നു. എന്നാൽ പഴയ കൊല്ലം - ചെങ്കോട്ട പാതയിൽ ഭൂമി കൈയേറിയ ചിലർ തർക്കങ്ങളുമായി മുന്നോട്ടു വരുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ ജനപ്രതിനിധികൾ അടക്കമുള്ള നേതാക്കൾ നടത്തിയ പരിശ്രമങ്ങൾ കേസിലും വ്യവഹാരങ്ങളിലും പെട്ട് തടസപ്പെട്ടിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ല:
മാർച്ചും ഉപരോധവും സംഘടിപ്പിക്കും
പഴയ കൊല്ലം - ചെങ്കോട്ട റോഡ് കടന്നു പോകുന്ന ഭാഗം ഭൂമാഫിയ കൈയേറുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇതു പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ചീഫ് ജഡ്ജിയുടെ 2015ലെ ഉത്തരവ് നടപ്പാക്കാൻ ഇനിയും ബന്ധപ്പെട്ടവർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പുലമൺ ടൗൺ പ്രീയർശിനി റസിഡന്റ്സ് അസോസിയേഷന്റെയും റോഡ് പുനരുദ്ധാരണ ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ നൂറുകണക്കിനു പ്രവർത്തകർ താലൂക്ക് ഒാഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിക്കും. ഉപരോധ സമരത്തിന് ജന പ്രതിനിധികളും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നേതൃത്വം നൽകും.
മുഖ്യമന്ത്രിക്ക് നിവേദനം നൽകും
പഴയ കൊല്ലം - ചെങ്കോട്ട റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേരള നിയമസഭാ പെറ്റിഷൻ കമ്മിഷൻ ചെയർമാൻ കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്ക്കും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും 'പഴയ കൊല്ലം- ചെങ്കോട്ട റോഡ് സംരക്ഷണ സമിതിയും " പുലമൺ ടൗൺ പ്രീയർശിനി റസിഡന്റ്സ് അസോസിയേഷനും നിവേദനം നൽകും.