army

# അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

അഞ്ചൽ: അരുണാചൽ പ്രദേശിൽ വായുസേനാ വിമാനം തകർന്നു മരിച്ച സൈനികൻ അനൂപ് കുമാറിന് ജന്മനാട് കണ്ണീരോടെ വിട നൽകി. ഇന്നലെ ഉച്ചയോടെ അഞ്ചൽ ആലഞ്ചേരിയിലെ വസതിയിൽ എത്തിച്ച ഭൗതികദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് വായുസേനാ വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം മന്ത്റി കെ.രാജു, കൊല്ലം ജില്ലാകളക്ടർ ഡോ.എസ് കാർത്തികേയൻ അടക്കമുള്ളവർ ചേർന്നാണ് ഏ​റ്റുവാങ്ങിയത്. ഒമ്പതുമണിയോടെ പ്രത്യേക സൈനിക വാഹനത്തിലാണ് ജന്മനാട്ടിൽ എത്തിച്ചത്. ഏരൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലും സ്വവസതിയിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ നാടൊന്നാകെ എത്തി. ഉച്ചയ്ക്ക് ഔദ്യോഗിക സൈനിക ബഹുമതകളോടെയായിരുന്നു സംസ്‌കാരം. അനൂപ് അടുത്തിടെ പണികഴിപ്പിച്ച വീടിന്റെ സമീപത്തുതന്നെയാണ് ചിതയൊരുക്കിയത്.

ആറുമാസം മുമ്പ് അവധിക്കുവന്നു മടങ്ങിയ വീട്ടിലേക്ക് സൈനികന്റെ ചേതനയ​റ്റ ശരീരം മടങ്ങിയെത്തിയപ്പോൾ സങ്കടം അടക്കാൻ കഴിയാതെ ഉറ്റവർ വാവിട്ടു കരഞ്ഞു. അപകടത്തിൽപ്പെട്ടതായതിനാലും മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം ഉള്ളതിനാലും പെട്ടിയിൽ നിന്ന് പുറത്തേക്ക് എടുക്കാതെയാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. ഭാര്യ വൃന്ദയ്ക്കും മാതാപിതാക്കൾക്കും ആ മുഖം അവസാനമായി കാണാൻ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ, ഒന്നര വയസുകാരൻ മകൻ ദ്രോണ ബന്ധുക്കളുടെ ഒക്കത്തിരുന്ന് കരയുന്നുണ്ടായിരുന്നു.

വായുസേനയുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം അനുജൻ അനീഷ്‌കുമാറാണ് ചിതയിലേക്ക് അഗ്നി പകർന്നത്. മന്ത്റിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടി അമ്മ എന്നിവർക്ക് പുറമേ എസ്.ജയമോഹൻ, മുൻ എം. എൽ എമാരായ പി.എസ് സുപാൽ, പുനലൂർ മധു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ജൂൺ മൂന്നിന് അനൂപ് ഉൾപ്പെടെ 13പേരാണ് വിമാനം തകർന്ന് മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്ന് ഉച്ചയ്ക്ക് 12.30ന് മെൻചുകയിലെ ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് തിരിച്ചതായിരുന്നു എ.എൻ 32 വിമാനം. ഒരാഴ്ചയ്ക്കുശേഷമാണ് ജനവാസമില്ലാത്ത സ്ഥലത്ത് തകർന്ന വിമാനം കണ്ടെത്തിയത്. വ്യോമസേനയുടെ ഏഴ് ഓഫീസർമാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.