# 51 അപകടങ്ങളിലായി റോഡിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ
അഞ്ചാലുംമൂട്: കടവൂർ ബൈപ്പാസ് റോഡിൽ അപകടം തുടർക്കഥയാകുന്നു. ആറുമാസത്തിനിടെ 51 അപകടങ്ങളിലായി റോഡിൽ പൊലിഞ്ഞത് എട്ട് ജീവനുകളാണ്. ബൈപ്പാസ് റോഡിലൂടെ സിഗ്നലുകൾ പോലും ശ്രദ്ധിക്കാതെ അമിത വേഗത്തിലും അശ്രദ്ധയിലും വാഹനങ്ങൾ ഓടിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ബൈപ്പാസ് റോഡിലേക്ക് വന്ന് ചേരുന്ന പോക്കറ്റ് റോഡുകൾ പല സ്ഥലങ്ങളിലുമുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ ഇല്ലാത്തതിനാൽ അശ്രദ്ധമായി പ്രധാന റോഡിലേക്ക് വാഹനങ്ങൾ കയറുന്നതും അപകടത്തിന് കാരണമാകുന്നു.
വ്യാഴാഴ്ച വൈകിട്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചതാണ് അവസാനമുണ്ടായ അപകടം. അപകടങ്ങൾ ഇല്ലാതാക്കാനും, അമിത വേഗത തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകാത്തതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നത്. വാഹന പരിശോധനയുടെ പേരിൽ മുക്കിലും മൂലയിലും സാധാരണക്കാരെ തടഞ്ഞു നിർത്തി ഫൈൻ അടിക്കാൻ ഉദ്യോഗസ്ഥർ താല്പര്യം കാട്ടുമ്പോൾ അമിതവേഗതയിൽ പോകുന്ന വാഹനങ്ങളെയും ഫ്രീക്കന്മാരുടെ ബൈക്കഭ്യാസപ്രകടനങ്ങളും കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. അപകടങ്ങൾ തുടർക്കഥയാകുന്ന കടവൂർ ബൈപ്പാസ് റോഡിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും, സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനും വാഹനങ്ങളുടെ അമിതവേഗത തടയാനും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇനിയും വൻ അപകടങ്ങളിൽ വിലയേറിയ നിരവധി ജീവനുകൾ ഈ നിരത്തിൽ പൊലിയാനാണ് സാധ്യത.