കലഞ്ഞൂർ പാടം റോഡിൽ യാത്രക്കാർക്ക് ഭീഷണിയായ പാറ
പത്തനാപുരം: റോഡ് നിർമ്മാണത്തിനായി പാതയോരത്ത് ഇട്ടിരിക്കുന്ന പാറ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. കലഞ്ഞൂർ -പാടം റോഡിൽ വാഴപ്പാറയിലാണ്
ഇളമണ്ണൂർ-പാടം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പാറ ഇറക്കിയിട്ടിരിക്കുന്നത്. രണ്ടുമാസമായി ഈ സ്ഥിതി തുടരുകയാണ്. താരതമ്യേന വീതി കുറവായ ഇവിടെ വാഹനങ്ങൾ നന്നേ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് അപകടം മാടിവിളിക്കുന്ന രീതിയിൽ അധികൃതരുടെ നടപടി.
രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങളടക്കം ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. എന്നിട്ടും പാറം നീക്കം ചെയ്യുന്നതിനോ റോഡ് നിർമ്മാണം ആരംഭിക്കാനോ അധികൃതർ തയാറാകാത്തതിനാൽ പ്രതിഷേധം ശക്തമാണ്.
ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ നിർമ്മാണം എൺപത് ശതമാനം പൂർത്തിയായെങ്കിലും കലഞ്ഞൂർ മുതൽ പാടം വരെയുള്ള നിർമ്മാണം മാസങ്ങളായി ഇഴയുകയാണ്. നിലവിലുള്ള റോഡ് കാൽനടയാത്രപോലും ദുസഹമായ രീതിയിൽ തകർന്നു. നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ റോഡിനോട് ചേർന്നിറക്കിയ ലോഡ് കണക്കിന് പാറ അനുയോജ്യമായ മറ്റെവിടേക്കെങ്കിലും മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.