പരവൂർ : നഗരസഭ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി നിർമ്മിച്ച ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെയും പരവൂർ ബസ് സ്റ്റാൻഡ് , പരവൂർ ജംഗ്ഷൻ , പരവൂർ മാർക്കറ്റ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയുടെയും പ്ലാസ്റ്റിക് ഷ്രഡ്ഡിംഗിന്റെയും ഉദ്‌ഘാടനം ആയുർവേദ ആശുപത്രി അങ്കണത്തിൽ മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു, നഗരസഭാ വൈസ് ചെയർ പേഴ്സൺ ആർ. ഷീബ, അഡ്വ. രാജേന്ദ്ര പ്രസാദ് , ജെ. ഷെരീഫ് , എസ്. ഷീല, എ. യാക്കൂബ് , വി. അംബിക, സുധീർ ചെല്ലപ്പൻ, എസ്. ജയ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് സ്വാഗതവും ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കോശി കുഞ്ഞു കെ.ടി. നന്ദിയും പറഞ്ഞു.