കുണ്ടറ: തോട്ടണ്ടിയുടെ ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടത്തിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കുടപിടിക്കുകയാണെന്ന് മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് കമ്മിറ്റി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി മേഴ്സിക്കുട്ടിഅമ്മ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 13ന് കേരളപുരത്ത് തുടങ്ങിയ നിരാഹാരസമരത്തിന്റെ ഭാഗമായാണ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് കേരളപുരത്തുനിന്ന് ആരംഭിച്ച പ്രകടനം മന്ത്രിയുടെ വീടിന് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു. ഇവിടെനിന്ന് തിരിച്ചെത്തിയ പ്രവർത്തകർ നിരാഹാരമനുഷ്ഠിച്ചുവന്ന എസ്.ജെ. പ്രേംരാജിനെ താങ്ങിയെടുത്ത് ദേശീയപാതയിൽ കിടത്തി. തുടർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ധർണയ്ക്ക് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് മണ്ഡലം സെക്രട്ടറി പ്രദീപ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മുൻ ദേശീയ വൈസ് പ്രസിഡന്റ് കെ. സുരേഷ് ബാബു, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ, ബി. ജ്യോതിർ നിവാസ്, ആർ.എസ്. അബിൻ, വൈ. ഷാജഹാൻ, അഭിലാഷ് ഡി. കോശി, ജ്യോതിഷ്, നിഷാദ്, അയൂബ്, സിയാദ്, അരുൺരാജ് തുടങ്ങിയവർ സംസാരിച്ചു. അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന പ്രേംരാജിനെ ഉച്ചയോടെ പൊലിസ് അറസ്റ്റ് ചെയ്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോഡ് ഉപരോധിച്ച 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.