ചാത്തന്നൂർ: ആദിച്ചനല്ലൂർ ചിറ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയപ്പോൾ റോഡരികിൽ കോരിയിട്ട മാലിന്യം നീക്കം ചെയ്യാത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു.
കാടുജാതി അമ്പലത്തിന് മുന്നിലൂടെ ലക്ഷം വീട് കോളനിയിലേക്ക് പോകുന്ന റോഡിലാണ് ചിറയിൽ നിന്ന് ആഫ്രിക്കൻ പായലും മറ്റ് മാലിന്യവും കോരി കൂട്ടിയിട്ടിരിക്കുകയാണ്. അവസരം മുതലാക്കി ചിലർ ഇതിലേക്ക് ഗാർഹിക മാലിന്യവും അറവ് മാലിന്യവും യഥേഷ്ടം നിക്ഷേപിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിലേക്ക് സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി. ഇതോടെ റോഡിലൂടെ മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
മഴക്കാലമായതിനാൽ മാലിന്യം അഴുകി റോഡിലേക്ക് വ്യാപിച്ചതോടെ കാൽനടയാത്രയും ബുദ്ധിമുട്ടിലാണ്.
അടിയന്തരമായി മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ആർ.വൈ.എഫ് നിയോജക മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു പറഞ്ഞു.