കരുനാഗപ്പള്ളി: കൊതുമുക്ക് വട്ടക്കായലിന്റെ തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ കായലിന്റെ തീരം ക്രമതീതമായി ഇടിഞ്ഞുതാണതാണ് പ്രശ്നത്തിന് കാരണം. ടി.എസ് കനാലും പള്ളിക്കലാറും വട്ടക്കായലിൽ സംഘമിച്ചാണ് കൊല്ലം ഭാഗത്തേക്ക് ഒഴുകുന്നത്. സുനാമി പുനരിധവാസ കോളനിയിലെ താമസക്കാർ ഉൾപ്പെടെ നൂറ് കണക്കിന് കുടുംബങ്ങളാണ് കായൽ തീരത്ത് താമസിക്കുന്നത്.
ഒരു ദശാബ്ദത്തിന് മുമ്പ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ അയണിവേലിക്കുളങ്ങര വരമ്പേൽ കടവ് വരെ കരിങ്കൽ ഭിത്തി കെട്ടി തീരം സംരക്ഷിച്ചിരുന്നു. ശേഷിക്കുന്ന ഭാഗത്ത് ഉടൻ സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് ജലരേഖയായി മാറുകയാണ്. കായലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുമ്പോൾ കര ഇടിഞ്ഞ് താഴുന്നത് പതിവാണ്. കായൽ തീരങ്ങളിൽ താമസിക്കുന്നവരുടെ ഭൂമിയുടെ ഏറിയ പങ്കും കായൽ എടുത്തു കഴിഞ്ഞു. ശേഷിക്കുന്ന ഭൂമി സംരക്ഷിക്കണമെങ്കിൽ കരിങ്കൽ ഭിത്തി അനിവാര്യമാണ്.
വരമ്പേൽ കടവിൽ നിന്ന് 400 മീറ്റർ നീളത്തിൽ പടിഞ്ഞാറോട്ട് കായൽ ഓരത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകും. കാലവർഷ സീസണിലാണ് അമിതമായി കര ഇടിഞ്ഞുതാഴുന്നത്. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ കൊതുമുക്ക് വട്ടക്കായലിന്റെ സ്ഥാനം എന്നും മുമ്പിലാണ്. കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ഹൗസ് ബോട്ടുകളിൽ പോകുന്ന വിദേശ ടൂറിസ്റ്റുകൾ വട്ടക്കായലിൽ ഒരു ദിവസം ചെലവഴിക്കാറുണ്ട്. എന്നാൽ അധികൃതരുടെ പരിഗണനയിൽ മാത്രം ഇതൊന്നും എത്തുന്നില്ല.