puraskaram
ഓച്ചിറ ശങ്കരൻകുട്ടി സ്മാരക സാഹിത്യ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ചരിത്ര ഗവേഷകൻ എം.ജി. ശശിഭൂഷണിൽ നിന്നും ഏറ്റുവാങ്ങുന്നു

ഓച്ചിറ: ഓണാട്ടുകരയ്ക്ക് തനത് സംസ്കാരവും ജീവിതക്രമവും ഉണ്ടെന്നും അതു തന്റെ ഗാനങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. കഥകളി നടനും കവിയും നോവലിസ്റ്റുമായിരുന്ന ഓച്ചിറ ശങ്കരൻകുട്ടിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറ വലിയകുളങ്ങര ഓണാട്ട് ഭഗവതിക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ജെ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ തമ്പി, കവി കാവാലം ബാലചന്ദ്രൻ എന്നിവർക്ക് ചരിത്ര ഗവേഷകൻ ഡോ. എം.ജി. ശശിഭൂഷൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡംഗം പ്രൊഫ. പി. രാധാകൃഷ്ണക്കുറുപ്പ് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. കവിയും ബാലസാഹിത്യകാരനുമായ മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, സാഹിത്യകാരൻ എ.എം. മുഹമ്മദ്, പത്രപ്രവർത്തന രംഗത്ത് 50വർഷം പിന്നിട്ട കേരളകൗമുദി തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂർ, ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, നന്ദകുമാർ വള്ളിക്കാവ്, കൃഷ്ണപ്രിയ ചന്ദ്രമന തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേഷ്, ഗ്രാമ പഞ്ചായത്തംഗം ആർ.ഡി. പത്മകുമാർ, ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ സെക്രട്ടറി സഞ്ചാർശ്രീ ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.