നിർമ്മാണം ആരംഭിച്ചിട്ട് ആറ് മാസം
74 കിലോമീറ്റർ പൈപ്പിടണം
കൊട്ടാരക്കര: യാത്രക്കാരുടെ നടുവൊടിക്കുന്ന കലയപുരം - താമരക്കുടി റോഡ് പുനർനിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലവർഷമായതോടെ റോഡിൽ പണി പൂർത്തിയാകാത്ത ഭാഗം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. നിരന്തര പരാതിയെ തുടർന്ന് തകർന്നടിഞ്ഞുകിടന്ന റോഡ് പുനർനിർമ്മിക്കാനുള്ള ജോലികൾ ആറുമാസം മുമ്പാണ് ആരംഭിച്ചത്. 3.5 കിലോമീറ്ററോളം വരുന്ന റോഡ് 3.8 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപ നീക്കിവച്ചിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയായതോടെ റോഡ് കടന്ന് പോകുന്ന ഭാഗത്തെ ചെറിയ പാലങ്ങൾ വീതി കൂട്ടി സൈഡ് കെട്ടുകയും ചെയ്തു. പിന്നീട് റോഡ് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
വാട്ടർ അതോറിറ്റിയുടെ ആവശ്യം
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി ആക്കാവിളയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കിൽ നിന്ന് മൈലം, തലവൂർ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള വലിയ പൈപ്പുകൾ റോഡുകീറി കടന്നുപോകണം. ഇതിനാലാണ് റോഡ് നിർമ്മാണം അനിശ്ചിതത്വത്തിലായത്. 74 കിലോമീറ്റർ ദൂരം പൈപ്പുകൾ കുഴിച്ചിടാനുണ്ട്. വലിയ പൈപ്പുകൾ സ്ഥാപിക്കുന്നതുവരെ റോഡ് പണി നിറുത്തി വയ്‌ക്കണമെന്ന വാട്ടർ അതോറിറ്റിയുടെ ആവശ്യത്തെ തുടർന്നാണ് ജനങ്ങൾ ദുരിത വഴി താണ്ടുന്നത്.
അതേസമയം റോഡിന്റെ വശങ്ങളിൽ പൈപ്പുകൾ കുഴിച്ചിടുന്നതിനുള്ള ടെണ്ടർ ഉൾപ്പടെയുള്ള പ്രാഥമിക നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ കാലവർഷം കഴിഞ്ഞാലും റോഡുപണി തുടങ്ങില്ലെന്നു നാട്ടുകാർ പറയുന്നു. കലയപുരം - താമരക്കുടി റോഡ‌് സഞ്ചാരയോഗ്യമാക്കാൻ വേണ്ട അടിയന്തര നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ വൈസ് ചെയർമാൻ കലയപുരം മോനച്ചൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.
കലയപുരം - താമരക്കുടി റോഡ് പുനർനിർമ്മാണം
3.5 കിലോ മീറ്റർ
3.8 മീറ്റർ വീതി
നിർമ്മാണ ചെലവ് 2 കോടി രൂപ