muraleedharan
യു.ഡി.എഫ് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് ഇരവിപുരം കാക്കത്തോപ്പ് ഭാഗത്തെ കടലാക്രമണം തടയാൻ പുലിമുട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എം. പിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്യുന്നു

 പുലിമുട്ട് നിർമ്മാണം വൈകുന്നതിനെതിരെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടങ്ങി

കൊല്ലം: തീരദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ എം.പിമാരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു.

തീരദേശത്തെ വിഷയങ്ങൾ ഇരവിപുരം എം.എൽ.എ നിയമസഭയിൽ മിണ്ടിയിട്ടേയില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

ഇരവിപുരത്തെ തീരദേശ മേഖലയിൽ യു.ഡി.എഫ് സർക്കാർ അനുവദിച്ച പുലിമുട്ടുകളുടെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ച് കേന്ദ്രത്തിൽ സമ്മർദ്ദേ ചെലുത്തേണ്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സംസ്ഥാന മന്ത്രിമാർ ഡൽഹിയിൽ എത്തിയാൽ എം.പിമാരെ കൂട്ടാറില്ല. മത്സ്യത്തിന്റെ മണം അടിയ്ക്കുന്ന ഭാഗത്തേക്ക് പോകാത്തയാളാണ് കേന്ദ്ര ഫിഷറീസ് മന്ത്രി. തീരദേശ മേഖലയ്‌ക്ക് ഫണ്ട് നേടിയെടുക്കാൻ എം.പിമാർ ഒരുമിച്ച് പോരാടും. കേന്ദ്രത്തിൽ സമ്മർ‌ദം ചെലുത്തി എം.പിമാർ നേടുന്ന ഫണ്ടുകൾ എം.എൽ.എമാരുടെ പാർട്ടി നോക്കി വിതരണം ചെയ്യരുതെന്നും മുരളീധരൻ പറഞ്ഞു.

ഇരവിപുരത്തെ തീരദേശ മേഖലയിലെ കടൽ കയറ്റത്തിന്റെ ഉത്തരവാദിത്തം സ്ഥലം എം.എൽ.എയ്‌ക്കും സംസ്ഥാന സർക്കാരിനുമാണെന്ന് രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്ന എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇന്ന് (ഞായർ) രാവിലെ 9 ന് സമാപന സമ്മേളനം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, കെ.സി.രാജൻ, ഫിലിപ് കെ.തോമസ്, അറയ്‌ക്കൽ ബാലകൃഷ്‌ണപിള്ള, റാം മോഹൻ, സജി ഡി.ആനന്ദ്, ഫ്രാൻസിസ് കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

 പണം മുടക്കുന്ന പ്രവാസികൾ

ആത്മഹത്യ ചെയ്യേണ്ട സ്ഥിതി

കൊല്ലം: കേരളത്തിൽ പണം മുടക്കാനെത്തുന്ന സി.പി.എം അനുഭാവികളായ പ്രവാസികൾക്കുപോലും ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കെ.മുരളീധരൻ പറഞ്ഞു. കട്ടൻ ചായയും പരിപ്പു വടയുമൊക്കെ വിട്ട് നൈറ്റ് ക്ലബ്ബിൽ കളിക്കാനാണ് സി.പി.എം നേതാക്കൾക്ക് താൽപ്പര്യം. ഈ പോക്ക് തുടർന്നാൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനെക്കുറിച്ച് ഗവേഷണം നടത്താതെ സി.പി.എം ഭരണത്തിൽ ശ്രദ്ധിക്കണം. കയ്യിലിരിപ്പിന് കിട്ടിയ തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്നും മുരളീധരൻ പറഞ്ഞു.