കൊല്ലം:അയൽ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊല്ലത്തെത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. ഫോർമലിൻ കലർത്തിയ മത്സ്യം ട്രെയിനുകളിൽ എത്തിക്കുന്നതായി അറിഞ്ഞ് റെയിൽവേയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. ഇന്നലെ രാവിലെ എത്തിയ മാവേലി എക്‌സ്‌പ്രസ്, ചെന്നെെ മെയിൽ എന്നീ ട്രെയിനുകളിലാണ് പെട്ടികളിലാക്കി മീൻ കൊണ്ടുവന്നത്. മാവേലി എക്‌സ്‌പ്രസിൽ കൊണ്ടുവന്ന ചൂര പഴകിയതാണെന്ന് ബോദ്ധ്യപ്പെട്ടു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി തയാറാക്കിയ പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചു നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമലിൻ, അമോണിയ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.
വിദഗ്ദ്ധ പരിശോധനയ്‌ക്കായി മത്സ്യത്തിന്റെ സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. കൊല്ലത്തെ വിൽപ്പന കേന്ദ്രത്തിലേക്കാണ് മത്സ്യം കൊണ്ടുവന്നത്. പരിശോധനാ ഫലം വരുന്നതുവരെ മത്സ്യം വിൽക്കരുതെന്ന നിർദ്ദേശം ഉടമയ്ക്ക് നൽകിയിട്ടുണ്ട്.
കേരള തീരത്ത് ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊല്ലത്തേക്ക് വൻ തോതിൽ മത്സ്യമെത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കും.