kunnu-

ശാസ്‌താംകോട്ട: മന്ത്രിയുടെ ഉറപ്പ് ലംഘിച്ച് എക്സൈസ് കോംപ്ളക്‌സ് നിർമ്മാണത്തിനായി ശാസ്തംകോട്ട തടാക തീരത്ത് വീണ്ടും കുന്നിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിച്ച് നിരത്തി ലോഡ് കണക്കിന് മണ്ണ് കടത്തിയത്. തീരത്ത് നിന്ന് മാറ്റാൻ കഴിയാത്ത മണ്ണ് കുന്നുകൂടി കിടക്കുകയാണ്. എക്സൈസ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിന് വേദിയൊരുക്കാനും കുന്നിടിച്ച് നിരത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിലൂടെയാണ് ശിലാസ്ഥാപന വേദിയിലേക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ എത്തിയത്. തടാകത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തി മാത്രമേ നിർമ്മാണം നടത്തുകയുള്ളൂ എന്നായിരുന്നു മന്ത്രി ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് വൻ തോതിൽ മൊട്ടക്കുന്നുകൾ ഇടിച്ച് നിരത്തിയത്. പ്രതിഷേധം ഭയന്നാണ് കുന്നിടിക്കൽ രാത്രിയിലേക്ക് മാറ്റിയത്. കൃഷിക്ക് വേണ്ടിയുള്ള വെട്ടും കിളയും പോലും അനുവദിക്കാത്ത തടാക തീരത്ത് സർക്കാർ സംവിധാനങ്ങൾ എല്ലാ നിയമവും അട്ടിമറിച്ചുള്ള വെല്ലുവിളി തുടരുകയാണ്.

മണ്ണ് കടത്തി കൊണ്ടുപോകാൻ ശാ‌സ്‌താംകോട്ട പൊലീസ് സ്റ്റേഷന് മുന്നിലൂടെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ചുറ്റി പ്രത്യേക വഴിയും നിർമ്മിച്ചിട്ടുണ്ട്. ഇതുവഴി പൊലീസിന്റെ കൺമുന്നിലൂടെയാണ് ഇന്നലെ പുലർച്ചെ വരെ ലോഡ് കണക്കിന് മണ്ണ് കടത്തിയത്. അനുദിനം ഉൾവലിയുന്ന തടാകത്തെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ സംവിധാനങ്ങൾ സംരക്ഷണ പദ്ധതികളെ അട്ടിമറിക്കുന്നത് നിസഹായതയോടെ നോക്കി നിൽക്കാനേ പരിസ്ഥിതി പ്രവർത്തകർക്കും കഴിയുന്നുള്ളൂ.

പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തടാക തീരത്ത് വീണ്ടും കുന്നിടിച്ചതിലും സംരക്ഷണഭിത്തി നിർമ്മിക്കാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി മണ്ണുമാന്തി യന്ത്രമടക്കം തിരിച്ചയച്ചു. കുന്നത്തൂർ തഹസിൽദാർക്ക് പരാതിയും നൽകി

"വികസന പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് എതിരല്ല. മണ്ണൊലിപ്പ് തടയുന്നതിന് ആവശ്യമായ സംരക്ഷണഭിത്തി നിർമ്മിക്കാതെ എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണം അനുവദിക്കില്ല"
തുണ്ടിൽ നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്