മൂക്ക് പൊത്താതെ വഴി നടക്കാനാകില്ല
ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ
കൊല്ലം: പള്ളിത്തോട്ടത്ത് കൊല്ലം തോടിന്റെ സമാന്തരപാതയുടെ ഇരുവശവും 'മാലിന്യത്തോട്ടം' ആയതോടെ മൂക്ക് പൊത്താതെ ജനങ്ങൾക്ക് വഴി നടക്കാനാകുന്നില്ല. കൊല്ലം തോട്ടിലും പാതയോരങ്ങളിലുമായി മാലിന്യ നിക്ഷേപം തുടങ്ങിയിട്ട് മാസങ്ങളായി. നടപടികളില്ലെന്ന് ബോധ്യമായതോടെ നഗരവാസികളുടെ 'സുരക്ഷിത മാലിന്യ നിക്ഷേപ കേന്ദ്ര'മായി മാറിയിരിക്കുകയാണ് പള്ളിത്തോട്ടം.
വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യം നിക്ഷേപിക്കാൻ ആഡംബര കാറുകളിൽ വരെ ആളുകളെത്തുന്നുണ്ട്. ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ മുതൽ കുട്ടികളുടെ മലമൂത്ര വിസർജ്യങ്ങൾ വരെ ഇവിടെ തള്ളുകയാണ്. ജ്യൂസ് പാർലറുകളിൽ നിന്ന് പഴങ്ങളുടെ ചണ്ടി, കോഴിയുടെയും ആട് മാടുകളുടെയും മാംസാവശിഷ്ടങ്ങൾ, അഴുകിയ പച്ചക്കറി, പഴകി കീറിയ തുണി തുടങ്ങി ആവശ്യമില്ലാത്തതെല്ലാം ഇപ്പോൾ പള്ളിത്തോട്ടത്തെ പാതയോരത്തും തോട്ടിൻകരയിലുമായുണ്ട്.
തിരിഞ്ഞുനോക്കാതെ അധികൃതർ
മഴക്കാലം തുടങ്ങിയതോടെ മാലിന്യം വെള്ളത്തിൽ ഒഴുകി പരക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇതിടയാക്കുമെങ്കിലും നഗരസഭയുടെ ഇടപെടലുകൾ ഇതുവരെയും ഉണ്ടായിട്ടില്ല. സമീപത്ത് ഒരു സ്കൂളും ആരാധനാലയവും ഉണ്ടെന്ന കാര്യം പോലും ബന്ധപ്പെട്ടവർ പരിഗണിച്ചിട്ടില്ല.
വീടുകളിലെ ചിരട്ടയിൽ കൊതുക് വളരുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഒഴുക്ക് നിലച്ച കൊല്ലം തോട്ടിൽ വളരുന്ന കൂത്താടികളെ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട് വികസനം നിലച്ചതിനാൽ തോടിന്റെ കരയിൽ കുറ്റിക്കാട് വളർന്നു കിടക്കുന്നതും മാലിന്യ നിക്ഷേപകർക്ക് തുണയാകുന്നുണ്ട്.
വിളിപ്പാടകലെ പൊലീസ് സ്റ്റേഷൻ
മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ റോഡിൽ നിന്ന് വിളിപ്പാടകലെയാണ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ. കൺമുന്നിൽ പൊലീസുണ്ടെന്ന കാര്യം പോലും അവഗണിച്ചാണ് മാലിന്യ നിക്ഷേപം തുടരുന്നത്. പാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ നഗരസഭയുടെ പ്രത്യേക സ്ക്വാഡ് മുമ്പ് പിടികൂടിയിരുന്നു. പരിശോധനകൾ നിലച്ചതാണ് ഇത്തരക്കാരെ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം.
അനിയന്ത്രിത മണ്ണെടുപ്പ്; തീരം ഇടിയുന്നു
കൊല്ലം തോട്ടിൽ നിന്നുള്ള അനിയന്ത്രിതമായ മണലെടുപ്പ് കാരണം സമാന്തരപാതയുടെ പാർശ്വഭിത്തി തോട്ടിലേക്ക് ഇടിയുകയാണ്. കോൺക്രീറ്റ് കെട്ടി സംരക്ഷിച്ച വശങ്ങൾ തോട്ടിലേക്ക് ഇടിഞ്ഞ് തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇതിന് പരിഹാരം കാണാൻ കാര്യമായ ഇടപെടലുണ്ടായിട്ടില്ല. മഴക്കാലത്ത് റോഡ് കൂടുതൽ ഇടിഞ്ഞ് താഴുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് മാലിന്യനിക്ഷേപം ജനങ്ങൾക്ക് തലവേദനയാകുന്നത്.
തെരുവ് വിളക്കുകളില്ല; നായ ശല്യവും രൂക്ഷം
പ്രദേശത്ത് തെരുവ് വിളക്കുകൾ തെളിയാത്തത് മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്ക് അനുഗ്രഹമാണ്. വിളക്കുകൾ തെളിയിക്കണമെന്ന് തുടരെ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
മാലിന്യ നിക്ഷേപം മൂലം പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമായിരിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവ് നായകളുടെ ആക്രമണം ഭയന്നാണ് പലപ്പോഴും ഇതുവഴി കാൽനട യാത്രികർ പോകുന്നത്. കൂട്ടമായെത്തുന്ന തെരുവ് നായകൾ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെയടക്കം മിക്കപ്പോഴും ആക്രമിച്ചിട്ടുണ്ട്.
പള്ളിത്തോട്ടത്തെ മാലിന്യ നിക്ഷേപം ഇവിടത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. തെരുവ് വിളക്കുകൾ ഇല്ലാത്തതും തെരുവ് നായകളുടെ ആക്രമണവും ഭീഷണിയാണ്. പകർച്ചവ്യാധി ഉണ്ടാകുമെന്ന ഭയവും ജനങ്ങൾക്കുണ്ട്.
അൽഫോൺസ് പെരേര, പ്രസിഡന്റ്
കൗമുദി നഗർ റസിഡന്റ്സ് അസോസിയേഷൻ, പള്ളിത്തോട്ടം