കൊട്ടാരക്കര: താലൂക്കിൽ അനർഹർ കൈവശം വച്ച് റേഷൻ വാങ്ങി വരുന്ന മുൻഗണന, എ.എ.വൈ (പിങ്ക്, മഞ്ഞ) റേഷൻകാർഡുകൾ സപ്ലൈ ഓഫീസിൽ ഹാജരാക്കി തരം മാറ്റി വാങ്ങണമെന്നും ഇതിനായി 27 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സപ്ളൈ ഓഫീസർ എസ്.എ.സെയ്ഫ് അറിയിച്ചു. 27ന് ശേഷവും ഇത്തരം കാർഡുകൾ കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് ഇ പോസ് സമ്പ്രദായം നടപ്പാക്കിയ 2018 മാർച്ച് മാസം മുതൽ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോള വില ഈടാക്കും. ഒരു കിലോ അരിക്ക് 28.61 രൂപയും ഗോതമ്പിന് 22.81 രൂപയുമാണ് കമ്പോള വില.
ഒരു എ.എ.വൈ കാർഡുടമ ശരാശരി 16000 രൂപയും നാല് അംഗങ്ങൾ ഉള്ള മുൻഗണന കാർഡ് ഉടമ 11000 രൂപയും 27നു ശേഷം ഒടുക്കേണ്ടിവരും. 1955ലെ അവശ്യ സാധന നിയമവും 2013 ലെ ഭക്ഷ്യഭദ്രത നിയമവും അനുസരിച്ചുള്ള നിയമ നടപടികളും നേരിടേണ്ടിവരും. ഉയർന്ന സാമ്പത്തികശേഷിയുള്ളവർ ഉൾപ്പെട്ടതിന്റെ പേരിൽ പൊതുവിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന കാർഡുകളിൽ നിന്ന് അവരുടെ പേര് ഒഴിവാക്കിയ ശേഷം വീണ്ടും മുൻഗണനയിലേക്ക് മാറാൻ വളഞ്ഞ വഴി സ്വീകരിക്കുന്നവരുടെ കാർഡ് റദ്ദാക്കും.
ഇത്തരം 13 പരാതികൾ ഇപ്പോൾ പരിഗണനയിലാണ്. മരണപ്പെട്ടവരുടെ പേരുകൾ കുറവ് ചെയ്യാതെ ഇപ്പോഴും നിരവധി പേർ റേഷൻ വാങ്ങി വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമീപത്തെ അക്ഷയ കേന്ദ്രത്തിൽ മരണ സർട്ടിഫിക്കറ്റുമായി എത്തി ഇവരുടെ പേരുകൾ കുറവ് ചെയ്യാൻ അപേക്ഷ നൽകാവുന്നതാണ്. ഇങ്ങനെ അപേക്ഷ നൽകുന്നവർ പിന്നീട് സപ്ലൈ ഓഫീസിൽ വരേണ്ടതില്ല. സോഫ്റ്റ് വെയറിൽ നിന്ന് പേരുകൾ അപേക്ഷകർ കാർഡ് ഹാജരാക്കാതെ തന്നെ നീക്കം ചെയ്യുന്നതാണ്. മരണമടഞ്ഞവരുടെ പേരുവിവരവും 27ന് മുമ്പ് ഒഴിവാക്കേണ്ടതാണ്.
അനർഹർ ജാഗ്രതൈ
അർഹമല്ലാത്ത കാർഡിന് പിഴ ശിക്ഷ
ഈടാക്കുന്നത് 2018മുതലുള്ള വില
ഒരു കിലോ അരിക്ക് 28.61 രൂപ വില നൽകണം
ഒരുകിലോ ഗോതമ്പിന് 22.81 രൂപ
എ.എ.വൈ കാർഡുടമ ശരാശരി 16000 രൂപ നൽകണം
നാല് അംഗങ്ങൾ ഉള്ള മുൻഗണന കാർഡ് ഉടമ 11000 രൂപ