കൊല്ലം: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ തഴമേൽ മിനി മൻസിലിൽ ഷൈജു(ജിജോ)വിനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2000 നവംബറിലാണ് പോരുവഴി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഒളിവിൽപ്പോയ ഷൈജു സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. വീടുമായി ബന്ധമില്ലാത്തതിനാൽ പൊലീസിന് ഷൈജുവിനെ കണ്ടെത്താനായില്ല. തുടർന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. അന്വേഷണം പുരോഗമിക്കവെയാണ് മൂവാറ്റുപുഴയിൽ ഷൈജു ഉണ്ടെന്ന വിവരം അറിഞ്ഞത്. ശൂരനാട് എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഒമാരായ രാജേഷ്, വിനയൻ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.