mynagappally
അനധീകൃത മത്സ്യബന്ധനം നടക്കുന്ന മൈനാഗപ്പള്ളി കല്ലുകടവ് കായലിൽ നിന്നും വെട്ടിക്കാട്ട് ഏലായിലേക്ക് കയറുന്ന ഭാഗം

കുന്നത്തൂർ: അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം മൂലം ശുദ്ധജല മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നു. മൈനാഗപ്പള്ളി കല്ലുകടവ് കായലിൽ നിന്ന് വെട്ടിക്കാട്ട് ഏലായിലേക്ക് കയറുന്ന മത്സ്യങ്ങളെയാണ് ഇത്തരത്തിൽ അനധികൃതമായി പിടികൂടുന്നത്. മത്സ്യങ്ങളുടെ പ്രജനന കാലമായ ജൂൺ, ജൂലായ് മാസങ്ങളിൽ കടലിൽ നിന്ന് മത്സ്യബന്ധനം നടത്താൻ മാത്രമാണ് നിരോധനമുള്ളത്. എന്നാൽ കായൽ മത്സ്യങ്ങളുടെയും പ്രജനന കാലം ഏറക്കുറേ ഇതു തന്നെയാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. കാരി, കൂരി, കരിമീൻ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങൾ പൊതുവേ വംശനാശ ഭീഷണി നേരിടുന്നുണ്ട്. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഇത്തരം അനധികൃത മത്സ്യബന്ധനം കർശനമായി നിരോധിക്കാൻ മൈനാഗപ്പള്ളി പഞ്ചായത്തും പൊലീസും എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അനധികൃത മത്സ്യബന്ധനം

കായലിൽ നിന്ന് ഏലായിലേക്ക് കയറുന്ന തോട്ടിൽ പല സ്ഥലങ്ങളിലും വല വിരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. വളരെ ചെറിയ മീനുകളും ഇതിൽപ്പെടുന്നുണ്ട്. ചൂണ്ടയിടാനെത്തുന്നവരും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഒരു കാലത്ത് സുലഭമായി ശുദ്ധജല മത്സ്യങ്ങൾ ലഭിച്ചിരുന്ന വെട്ടിക്കോട്ട് ഏലായിൽ അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം വർദ്ധിച്ചതോടെ മത്സ്യങ്ങൾ കുറവാണെന്ന് പ്രദേശവാസികൾ പറയുന്നു.