ജില്ലയിൽ കേന്ദ്രീയ വിദ്യാലയം ഉള്ളത് കൊല്ലം നഗരത്തിൽ മാത്രം
കൊട്ടാരക്കര: കൊട്ടാരക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയം ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നു. സ്വന്തം കെട്ടിടം നിർമ്മിക്കുംവരെ താൽക്കാലികമായി വിദ്യാലയം തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൊട്ടാരക്കരയിലെ ഡയറ്റ് വക ക്വാർട്ടേഴ്സ് കെട്ടിടമാണ് ആദ്യം കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയത്. ഇവിടെ വർഷങ്ങളായി വലിയ കെട്ടിടം കാട് മൂടിക്കിടന്ന് നശിക്കുകയാണ്. അത്യാവശ്യ അറ്റകുറ്റപ്പണി നടത്തി ഡയറ്റ് കെട്ടിടത്തിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ക്ളാസ് മുറികൾക്ക് പറ്റിയ സൗകര്യം ഇവിടെയില്ലെന്ന വിലയിരുത്തലിനെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മുൻപ് നവോദയ വിദ്യാലയം പ്രവർത്തിച്ചിരുന്ന ഇ.ടി.സിയിലെ കെട്ടിടങ്ങൾ കേന്ദ്രീയ വിദ്യാലയത്തിനായി ആവശ്യപ്പെട്ടെങ്കിലും വിട്ടുകിട്ടിയില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ താൽക്കാലിക സംവിധാനങ്ങളോടെ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷ. നടപടിക്രമങ്ങൾ വേഗത്തിലാക്കി കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
5 ഏക്കർ സ്ഥലം ലഭിച്ചു
കൊട്ടാരക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി ഇ.ടി.സിയിൽ ഗ്രാമ വികസന വകുപ്പിന്റെ അധീനതയിലുള്ള 5 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ആദ്യം കൃഷിവകുപ്പിന്റെ സ്ഥലം അനുവദിക്കാൻ തീരുമാനിച്ചിരുന്നതാണ്. കളക്ടറും സംഘവുമെത്തി സ്ഥലത്തിന്റെ അളവെടുപ്പ് ഉൾപ്പടെ നടത്തിയതുമാണ്. എന്നാൽ ഇത് നടന്നില്ല. പിന്നീടാണ് ഗ്രാമ വികസന വകുപ്പിന്റെ സ്ഥലം അനുവദിച്ചത്.
13 ക്ളാസ് മുറികൾ വേണം
താൽക്കാലിക കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം തുടങ്ങണമെങ്കിൽ 13 ക്ളാസ് മുറികൾ വേണ്ടിവരും. കുടുസ് മുറികളിൽ ക്ലാസെടുക്കാൻ കഴിയുകയുമില്ല. കൊട്ടാരക്കര പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ അനുയോജ്യമായ കെട്ടിടം വേണമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. എഴുകോണിൽ അനുയോജ്യമായ കെട്ടിടം ഉണ്ടെന്നും പറ്റുമെങ്കിൽ ഇത് പരിഗണിക്കാമെന്നുമുള്ള ചർച്ച പുരോഗമിക്കുകയാണ്.
കൊടിക്കുന്നിൽ സുരേഷിന്റെ ശ്രമം
യു.പി.എ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് കേന്ദ്ര സഹമന്ത്രി കൂടിയായിരുന്ന കൊടിക്കുന്നിൽ സുരേഷിന്റെ ശ്രമഫലമായി കൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. ആ വർഷം തന്നെ താൽക്കാലിക സംവിധാനമുണ്ടാക്കി പ്രവർത്തനം തുടങ്ങാനും തീരുമാനിച്ചിരുന്നു. എന്നാൽ ഓരോന്നിനും തടസങ്ങൾ നേരിട്ടു. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴേക്കും ലോക് സഭയിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ കൊടിക്കുന്നിൽ സുരേഷ് ഈ ആവശ്യം ഉന്നയിച്ചു. 5 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കാമെന്ന് മന്ത്രി സ്മൃതി ഇറാനി അന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം അനുവദിപ്പിച്ചത്.