കുണ്ടറ: മുളവന പള്ളിമുക്കിലെ വെള്ളക്കെട്ടിനും യാത്രാദുരിതത്തിനും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മുളവന ഭരണിക്കാവ് റോഡ് ഉപരോധിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച ഉപരോധസമരം പേരയം ഗ്രാമ പഞ്ചായത്ത് അംഗം പി. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മുളവന യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കുണ്ടറ എസ്.ഐ ഗോപകുമാർ പി.ഡബ്ലിയു.ഡി എ.ഇയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓടയുടെ നിർമ്മാണം ആരംഭിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. മുളവനയിലെ ഓട്ടോ ടാക്സി ജീവനക്കാരും പ്രദേശവാസികളും ഉൾപ്പടെ നൂറോളം പേർ സമരത്തിൽ പങ്കെടുത്തു.