legal-service
ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച 'ലാമ്പി'ന്റെ (ലീഗലി ആന്റ് മെന്റലി എംപറവിംഗ്) ജില്ലാതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്​റ്റിസ് എസ്.വി ഭാട്ടിയ നിർവഹിക്കുന്നു. ജില്ലാ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ, ജില്ലാ ലീഗൽ സർവീസ് അതോറി​ട്ടി സെക്രട്ടറി സുബിതാ ചിറയ്ക്കൽ, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ആർ ജയശങ്കർ, ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസർ എസ് ഗീതാകുമാരി,പി.ടി.എ പ്രസിഡന്റ് എ. രാജീവ്, സ്‌കൂൾ മാനേജർ യു. സുരേഷ് തുടങ്ങിയവർ സമീപം

കൊല്ലം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ആവിഷ്‌ക്കരിച്ച പദ്ധതിയായ 'ലാമ്പി'ന്റെ (ലീഗലി ആന്റ് മെന്റലി എംപറവിംഗ്) പ്രവർത്തനം കുട്ടികള നിതീബോധമുള്ള പൗരന്മാരാക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്​റ്റിസ് എസ്.വി ഭാട്ടിയ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്വരം ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ ഡൽഹിവരെ എത്താൻ സഹായകരമാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലീഗൽ സർവീസ് അതോറി​ട്ടിയുടെ നേതൃത്വത്തിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനെ​റ്റിൽ വൈറസ് കയറിയാൽ ചിലപ്പോൾ കമ്പ്യൂട്ടർ തന്നെ നശിച്ചുപോകും. കുട്ടികൾക്കെതിരെ ഉണ്ടാകുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസാണ് ലാമ്പ് പദ്ധതി. ഈ പദ്ധതിയുടെ വെളിച്ചം എല്ലായിടത്തും പ്രകാശിതമാകണമെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിൽ വിമാനാപകടത്തിൽ മരിച്ച അനൂപ് സാജനെ അനുസ്മരിച്ചാണ് യോഗം ആരംഭിച്ചത്.
ജില്ലാ ലീഗൽ സർവീസ് അതോറി​ട്ടി ചെയർമാനും ജില്ലാ സെഷൻസ് ജഡ്ജിയുമായ എസ്.എച്ച് പഞ്ചാപകേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറി​ട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സുബിതാ ചിറയ്ക്കൽ,കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി,ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ആർ ജയശങ്കർ, ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസർ എസ് ഗീതാകുമാരി,പി.ടി.എ പ്രസിഡന്റ് എ. രാജീവ്, സ്‌കൂൾ മാനേജർ യു.സുരേഷ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ. സി.ആർ ജയശങ്കർ, ഡോ. കൃഷ്ണവേണി, ഡോ. ഡി.എസ് മിനി, ഡോ. എൻ.ആർ റീന, ഡോ. രജനി, ഡോ.സിനി പ്രിയദർശിനി, അഞ്ചു എന്നിവർ ക്ലാസെടുത്തു.