neendakara

 മത്സ്യമെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന്

 വാങ്ങും മുമ്പ് ഗുണനിലവാരം ഉറപ്പ് വരുത്തണം

കൊല്ലം: മീൻ കറിയില്ലെങ്കിൽ ഉച്ചയ്‌ക്ക് ഊണ് കഴിക്കാനാകില്ലെന്ന് വാശി പിടിച്ചവരെയൊക്കെ മാറി ചിന്തിപ്പിക്കുന്ന തരത്തിൽ മത്സ്യവിപണിയിൽ വിലക്കയറ്റവും ക്ഷാമവും രൂക്ഷം. ട്രോളിംഗ് നിരോധനം മത്സ്യത്തിന്റെ ലഭ്യത കുറച്ചപ്പോൾ അതിനൊപ്പം വിലയും വൻതോതിൽ ഉയർന്നു. 100 രൂപയ്‌ക്ക് 25 മുതൽ 50 വരെ മത്തി ലഭിച്ചിരുന്ന വിപണിയിൽ അഞ്ച് മത്തി കിട്ടാൻ 100 രൂപ നൽകേണ്ട സ്ഥിതിയാണ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത 3800 മത്സ്യബന്ധന ബോട്ടുകളിൽ 1200 എണ്ണം കൊല്ലത്താണ്. ജില്ലയുടെ മത്സ്യവിപണിയിലെ 70 മുതൽ 80 ശതമാനം വരെ നിയന്ത്രിച്ചിരുന്ന ബോട്ടുകളാണ് തീരത്തിരിക്കുന്നത്. വാടി തീരത്ത് നിന്ന് ഫൈബർ ബോട്ടുകൾ കടലിൽ പോകുന്നുണ്ടെങ്കിലും വിപണിയുടെ ആവശ്യം നിറവേറ്റാൻ തികയില്ല.

ഇതരസംസ്ഥാനങ്ങളിൽ നിന്നും ഒമാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന മത്സ്യമാണ് ഇപ്പോൾ വിപണിയിലുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിൽ ഫോർമാലിൻ സാന്നിദ്ധ്യമുണ്ടെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഗുണനിലവാരം ഉറപ്പ് വരുത്താൻ മത്സ്യം കൊണ്ടു വരുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനകൾ തുടങ്ങി. വില ഉയർന്നതോടെ ഭക്ഷണശാലകളിലെ മത്സ്യവിഭവങ്ങൾക്കും വില ഉയർത്തി. അഷ്‌ടമുടിയിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾ സജീവമാണെങ്കിലും കായലിലെ കരിമീൻ ഉൾപ്പെടെയുള്ള മത്സ്യ സമ്പത്തിൽ വലിയ കുറവ് ഉണ്ടായതും തിരിച്ചടിയാണ്.

 മത്സ്യലഭ്യതയിൽ കേരളം നാലാമത്

മത്സ്യലഭ്യതയിൽ ഒന്നാമതായിരുന്ന സംസ്ഥാനം ഇപ്പോൾ നാലാമതാണ്. ഗുജറാത്ത്, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളാണ് മുന്നിൽ. ഒന്നര മാസത്തിലേറെ നീളുന്ന ട്രോളിംഗ് നിരോധനം മത്സ്യലഭ്യത ഉയർത്തുന്നില്ലെന്ന വിമർശനമാണ് ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമുള്ളത്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത 38000 യാനങ്ങളിൽ 34200 എണ്ണവും നിരോധന കാലയളവിൽ കടലിൽ പോകുന്നുണ്ട്. നിരോധനമുള്ള ട്രോൾ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്ന അതേ മേഖലയിൽ വലയെറിയുന്ന കൂറ്റൻ കപ്പൽ വള്ളങ്ങളുമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയിൽ ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനം പൂർണ്ണമായും തടയണമെന്നും വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്നുമാണ് മേഖലയിലുള്ളവരുടെ ആവശ്യം.

 ഉണക്ക മീനിനും വളർത്ത് മത്സ്യങ്ങൾക്കും പ്രിയമേറി

പച്ചമീനിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്‌തതോടെ ഉണക്ക മീനിന് ആവശ്യക്കാരേറെയാണ്. പക്ഷേ വിപണിയിലെ പൊതുവിലക്കയറ്റം ഇവിടെയും പ്രകടമാണ്. 50 ഗ്രാം ചെറിയ ഉണക്ക കൊഞ്ച് വാങ്ങാൻ 70 രൂപ നൽകണം. 800 രൂപയ്‌ക്ക് ഒരു കിലോ ലഭിച്ചിരുന്ന ചെറിയ ഉണക്ക കൊഞ്ചിന്റെ വില 1400ലേക്കാണ് ഉയർന്നത്. നാട്ടിൻപുറത്തെ കുളങ്ങളിൽ വളർത്തുന്ന മത്സ്യങ്ങൾക്കും പ്രീയമേറി. വിഷം ചേർക്കാത്ത മത്സ്യം ലഭിക്കുമെന്നതാണ് വളർത്തു മത്സ്യങ്ങളിലേക്കുള്ള ആകർഷക ഘടകം. കുളത്തിൽ നിന്ന് ഉപഭോക്താവിന്റെ മുൻപിൽ വെച്ച് പിടിക്കുമെന്നതും പ്രത്യേകതയാണ്.

............................................

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനത്തെ കുറിച്ച് ശാസ്ത്രീയ പഠനം വേണം. നിരോധനം ഉണ്ടായിട്ടും മത്സ്യ സമ്പത്ത് കൂടുന്നില്ല. ട്രോളിംഗ് നിരോധനത്തെ മറയാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യമെത്തിക്കാനും വില ഉയർത്താനും ആസൂത്രിത നീക്കങ്ങളുണ്ട്.

പീറ്റർ മത്യാസ്

പ്രസിഡന്റ്, ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ