photo
തകർന്ന് വെള്ളകെട്ടായി മാറിയ കണായാന്റ/ത്ത് - മുഴങ്ങോട്ടു വിള മത്സ്യമാർക്കറ്റ് റോഡ്

കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പ്രധാനപ്പെട്ട തീരദേശ റോഡുകളിലൊന്ന്

കരുനാഗപ്പള്ളി: കാലവർഷം കടുത്തതോടെ കണിയാന്റയ്യത്ത് ജംഗ്ഷൻ - മുഴങ്ങോട്ടുവിള മത്സ്യ മാർക്കറ്റ് റോഡ് വെള്ളക്കെട്ടായി മാറി. കുണ്ടും കുഴിയുമുള്ള റോഡിൽ മഴവെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെയാണ് കാൽനടയാത്ര പോലും ദുഷ്ക്കരമായത്. മഴവെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് യാത്രക്കാർക്ക് അപകടമുണ്ടാകുന്നത് പതിവ് സംഭവമാണ്. മഴവെള്ളം ഒഴുകിപ്പോകാൻ ഓടകളില്ലാത്തതാണ് ഈ റോഡിന്റെ ഏറ്റവും വലിയ പ്രശ്നം. മുഴങ്ങോട്ടുവിള ഗവ. യു.പി സ്കൂൾ, നെടിയവിള ഭഗവതി ക്ഷേത്രം, മരുതൂർക്കുളങ്ങര തെക്ക് നസ്രത്തുൽ മുസ്ലീം പള്ളി തുടങ്ങിയ സ്ഥലങ്ങളിലെത്താൻ യാത്രക്കാർ കണിയാന്റയ്യത്ത് - മത്സ്യമാർക്കറ്റ് റോഡിനെയാണ് ആശ്രയിക്കുന്നത്. മഴ സീസൺ ആരംഭിച്ചു കഴിഞ്ഞാൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമാണ്. മുനിസിപ്പാലിറ്റിയുടെ ഫണ്ട് മാത്രം ഉപയോഗിച്ച് റോഡ് പുനർ നിർമ്മിക്കാൻ സാദ്ധ്യമല്ല. ജനപ്രതിനിധികളോ പൊതുമരാമത്ത് വകുപ്പോ സർക്കാരിന്റെ മറ്റ് ഏജൻസികളോ റോഡിന്റെ പുനർ നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അറ്റകുറ്റപ്പണി നടത്തിയിട്ട് 10 വർഷം

ഏകദേശം 10 വർഷങ്ങൾക്ക് മുമ്പാണ് ഒന്നര കിലോമീറ്രറോളം ദൈർഘ്യം വരുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്. നഗരസഭയുടെ 29,32 ഡിവിഷനുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പ്രധാനപ്പെട്ട തീരദേശ റോഡുകളിൽ ഒന്നാണിത്. 300 ഓളം കുടുംബങ്ങൾ റോഡിനെ ആശ്രയിക്കുന്നുണ്ട്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്ന് പോകുന്നത്.

ഒാട നിർമ്മിക്കണം

റോഡിന്റെ പുനരുദ്ധാരണ വേളയിൽ ഓടകൂടി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ പരിഗണിക്കാത്തതാണ് നിലവിലെ യാത്രാ ബുദ്ധിമുട്ടിന് കാരണം. കണിയാന്റത്ത് ജംഗ്ഷനിൽ റോഡ് ക്രമാതീതമായി ഉയർത്തിയതോടെ വെള്ളം തെക്ക് ഭാഗത്തേക്ക് ഒഴുകി കെട്ടി നിൽക്കുകയാണ്. റോഡിന്റെ ഇരു വശങ്ങളിലും ഓടകൾ നിർമ്മിച്ച ശേഷം മെറ്റിലും ഗ്രാവലും ഇട്ട് റോഡ് ഉയർത്തി ടാർ ചെയ്താൽ മാത്രമേ നിലവിലുള്ള യാത്രാദുരിതത്തിന് പരിഹാരമാവൂ.