water-taxi

കൊല്ലം: ജലഗതാഗത വകുപ്പിന്റെയും ഡി.ടി.പി.സിയുടെ ബോട്ട് സർവീസുകൾക്ക് പുറമേ വിനോദ സഞ്ചാരികൾക്ക് അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വാട്ടർ ടാക്സിയും വരുന്നു. ഓൺലൈൻ ടാക്സികളുടെ മാതൃകയിൽ സഞ്ചാരികൾ നിൽക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടർ ടാക്സിയുടെ പ്രത്യേകത.

നാല് വാട്ടർ ടാക്സികളുടെ നിർമ്മാണത്തിനാണ് ജലഗതാഗത വകുപ്പ് കരാർ നൽകിയിരുന്നത്. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിലൊന്ന് ആലപ്പുഴയിലും രണ്ടാമത്തേത്ത് എറണാകുളത്തുമാകും സർവീസ് നടത്തുക. കൊല്ലത്തെത്താൻ പോകുന്നത് നിർമ്മാണം പുരോഗമിക്കുന്ന മറ്റ് രണ്ട് വാട്ടർ ടാക്സികളിലൊന്നാണ്.

 സീ അഷ്ടമുടി കൗണ്ട് ഡൗൺ തുടങ്ങി

ജലഗതഗാത വകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് കൊല്ലത്തേക്ക് എത്തുന്നതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ബോട്ടിന്റെ കരയിൽ വച്ചുള്ള നിർമ്മാണം പൂർത്തിയായിട്ടുണ്ട്. എൻജിനും ഘടിപ്പിച്ച് കഴിഞ്ഞു. ഉപരിഘടനയുടെ നിർമ്മാണമാണ് അവശേഷിക്കുന്നത്. സുരക്ഷിതത്വം സംബന്ധിച്ച് തുറമുഖവകുപ്പിന്റെ നീറ്റിലിറക്കിയുള്ള പരിശോധനകൂടി ബാക്കിയുണ്ട്. രണ്ട് മാസത്തിനുള്ളിൽ ബോട്ട് കൊല്ലത്തെത്തും. സ്റ്റീൽ കൊണ്ടുള്ള ഈ ഡബിൾ ഡക്കർ ബോട്ടിൽ 90 യാത്രക്കാർക്ക് ഇരിക്കാം. അഷ്ടമുടിക്കായലിന്റെ തീരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.

നാല് വാട്ടർ ടാക്സികളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം നടക്കുന്നതേയുള്ളു. സീ അഷ്ടമുടി ബോട്ടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മൂന്ന് മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.''

ഷാജി വി. നായർ (ജലഗതാഗത വകുപ്പ് ഡയറക്ടർ)

വാട്ടർ ടാക്സി

1. ഇന്ത്യൻ രജിസ്റ്റർ ഒഫ് ഷിപ്പിംഗിന്റെ മാനദണ്ഡങ്ങളനുസരിച്ചാണ് നിർമ്മാണം

2. വാട്ടർ ടാക്സിയുടെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത് ഫൈബർ ഉപയോഗിച്ച്

3. ചുരുങ്ങിയത് പത്ത് പേർക്ക് ഇരിക്കാനുള്ള സൗകര്യം

4. മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ (25 കിലോ മീറ്റർ) വേഗത

5. ഓരോ ടാക്സിക്കും പ്രത്യേകം മൊബൈൽ നമ്പരുണ്ടാകും

6. മൊബൈലിൽ ബന്ധപ്പെട്ട് സഞ്ചാരികൾക്ക് ഓട്ടം വിളിക്കാം