കൊട്ടിയം: മയ്യനാട് ചന്തമുക്ക് - ധവളക്കുഴി റോഡ് തകർന്ന് വർഷങ്ങളായിട്ടും പുനർനിർമ്മാണം അനന്തമായി നീളുന്നു. മയ്യനാട്ട് നിന്ന് എളുപ്പത്തിൽ കൊട്ടിയത്ത് എത്താനുള്ള എളുപ്പമാർഗ്ഗമായ റോഡിനാണ് ഈ അവസ്ഥ. ഇതുമൂലം മയ്യനാട് പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുൾപ്പെടെ ദുരിതത്തിലായിരിക്കുകയാണ്.
മഴക്കാലമായതിനാൽ റോഡ് തകർന്ന് രൂപം കൊണ്ട കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടഭീഷണിയുയർത്തുന്നുണ്ട്. ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ നിത്യവും വെള്ളക്കെട്ടിൽ മറിഞ്ഞുവീഴുകയാണ്.
അതേസമയം ഒരു കോടി രൂപ ചെലവാക്കി റോഡ് പുനർ നിർമ്മിക്കാൻ കരാറായതായി സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കാലത്ത് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അടിയന്തരമായി റോഡ് പുനർനിർമ്മിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.