പുനലൂർ: ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച സൈനികൻ പുനലൂർ ചെമ്മന്തൂർ കരിമ്പും മണ്ണിൽ വീട്ടിൽ കുഞ്ഞുമോന്റെ(54) ഭൗതികശരീരം ജന്മനാടായ പുനലൂരിൽ എത്തിച്ചു. രണ്ട് സൈനികരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പ്രത്യേക സൈനിക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ആംബുലൻസിൽ 11 മണിയോടെ പുനലൂരിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് കുതിരച്ചിറയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സംസ്ഥാന സർക്കാരിന് വേണ്ടി തഹസിൽദാർ ബിനുരാജ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി. രാജേന്ദ്രൻപിള്ള, ഉദയൻ, പുനലൂർ വില്ലേജ് ഓഫീസർ പ്രിയ, ഷാജഹാൻ, പുനലൂർ സി.ഐ തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിക്കാൻ മോർച്ചറിയിൽ എത്തി.
നാളെ രാവിലെ 11ന് മൃതദേഹം ചെമ്മന്തൂരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ഉത്തരാഖണ്ഡിലെ ധാർച്ചൂളയിലുണ്ടായ ഉരുൾപൊട്ടലിലാണ് സൈനികൻ മരണപ്പെട്ടത്. കുറേദൂരം ഒഴുകിപ്പോയ സൈനികന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ടെടുത്തത്.