ഇരവിപുരത്തെ പുലിമുട്ടുകൾ വൈകുന്നതിനെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം സമാപിച്ചു
നടപടി ഉണ്ടായില്ലെങ്കിൽ സമരം കളക്ടറേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ
കൊല്ലം: സ്റ്റാലിനിസത്തിന്റെ സാദൃശ്യങ്ങളാണ് കേരള ഭരണത്തിലുള്ളതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ പറഞ്ഞു. തീരദേശ സംരക്ഷണത്തിന് ഇരവിപുരത്ത് പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആപൽക്കരമായ പ്രവണതകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആർക്ക് വേണ്ടിയാണ് എൽ.ഡി.എഫ് ഭരിക്കുന്നതെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാകുന്നില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കിയ പദ്ധതികളെല്ലാം നിറുത്തുകയാണ്. സ്വന്തം മകന്റെ കേസ് ഒത്തുതീർപ്പാക്കാൻ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ വഴികളെല്ലാം കോടിയേരി ബാലകൃഷ്‌ണൻ തേടുകയാണെന്നും ഷിബു പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, ജി. പ്രതാപവർമ തമ്പാൻ, സജി ഡി. ആനന്ദ്,ആർ. ശ്രീധരൻപിള്ള, ബേബിസൺ തുടങ്ങിയവർ പ്രസംഗിച്ചു.