കുളത്തൂപ്പുഴ: മലയോര ഹൈവേയിലെ കൊടും വളവുകൾ അതേപടി നിലനിറുത്തിക്കൊണ്ടുള്ള റോഡ് നിർമ്മാണമാണ് വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പ്രദേശവാസികളുടെ പരാതി. മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ അപകടങ്ങൾ പതിന്മടങ്ങ് വർദ്ധിക്കാനാണ് സാദ്ധ്യത. മുൻപുണ്ടായിരുന്ന പാതയിലെ വളവുകൾ ഒരു പരിധി വരെയെങ്കിലും നിവർത്തി റോഡ് നിർമ്മാണം പൂർത്തീകരിച്ചാൽ അപകടങ്ങൾ കുറയും. എന്നാൽ അപകട മേഖലകളിലെ റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും വളവുകൾ അതേപടി നിലനിറുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. കുളത്തൂപ്പുഴ - അഞ്ചൽ പാതയിലെ തിങ്കൾകരിക്കം, മാർത്താണ്ഡംകര, ഏഴംകുളം , പഴയേരൂർ , ഏരൂർ തുടങ്ങിയ സ്ഥലങ്ങങ്ങളിൽ ഇതിനകം തന്നെ നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്.
അപകടം ക്ഷണിച്ച് വരുത്തും
ജില്ലയിലെ ഒന്നാംഘട്ട റോഡ് നിർമ്മാണം പുരോഗമിക്കുന്ന ചല്ലിമുക്ക് - പുനലൂർ പാതയിൽ വളരെ അപകടകരമായ നിരവധി കൊടും വളവുകളുണ്ട്. പ്രദേശവാസികളുടെ മതിലുകളും വീടുകളും ഇടിച്ച് നിരത്തി റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതോടെ അമിതവേഗതയിലെത്തുന്ന വാഹനങ്ങളും കൊടും വളവുകളും അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.
പടം: കൊടും വളവുകൾ നിവർത്താതെ നിർമ്മാണം പുരോഗമിക്കുന്ന മലയോരഹൈവേയിലെ ഏഴംകുളം ജംഗ്ഷൻ