അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയം കരുപ്പോട്ടിക്കോണത്ത് സന്തോഷ് , രമ ദമ്പതികളുടെ മകൾ സംഗീതയാണ് ( 16) മരിച്ചത്. തടിക്കാട് എ.കെ.എം സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
പിതാവ് സന്തോഷിന് മാനസികാസ്വാസ്ഥ്യമുളളതിനാൽ സംഗീത പിതൃസഹോദരന്റെ വീട്ടിലും മാതാവും സഹോദരനും മുത്തശ്ശിയും സന്തോഷിന്റെ അനുജൻ സത്യനോടൊപ്പം സമീപത്തെ മറ്റൊരു വീട്ടിലുമായിരുന്നു താമസം. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ സത്യൻ സമീപത്തെ ജംഗ്ഷനിലും മാതാവ് രമ സമീപത്തുള്ള തോട്ടിൽ തുണിയലക്കുന്നതിനും പോയിരുന്നു. ഈ സമയത്താണ് പെൺകുട്ടി വീടിന്റെ കഴുക്കോലിൽ ചുരിദാറിന്റെ ഷാളിൽ കെട്ടിത്തൂങ്ങി മരിച്ചത്. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയും സഹോദരനും സംഭവമറിഞ്ഞിരുന്നില്ല.
തിരികെയെത്തിയ സത്യനാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ ബന്ധുക്കളേയും പരിസരവാസികളേയും വിളിച്ചു വരുത്തി പരിശോധിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക സഹോദരൻ സച്ചു.