കുന്നത്തൂർ: മൈനാഗപ്പള്ളി സെക്ഷൻ പരിധിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച തോട്ടുമുഖം കല്ലൂരയ്യത്ത് കിഴക്കതിൽ (മേനോൻ താഴെ) ശശിധരന്റെ മകൻ രാജീവിന്റെ (34) കുടുംബത്തിന് സർക്കാർ സഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. ആദ്യ ഗഡുവായ 175000 രൂപയുടെ ചെക്ക് കോവൂർ കുഞ്ഞുമോൻ എം.എൽ.എ രാജീവിന്റെ പിതാവിന് കൈമാറി. എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സുഭാഷ്. ബി, അസിസ്റ്റന്റ് എൻജിനിയർ രാധകൃഷ്ണ പിള്ള, പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ 14 ന് വൈകിട്ട് 3.30ന് വീടിന് മുന്നിലായിരുന്നു അപകടം നടന്നത്. കൂലിപ്പണിക്കാരനായ രാജീവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീണത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.