കരുനാഗപ്പള്ളി: ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്റർ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവതാളത്തിൽ സംഘടിപ്പിച്ച മൺസൂൺ ഡാൻസ് ഫെസ്റ്റ് കാഴ്ച്ചക്കാർക്ക് വേറിട്ട അനുഭവമായി. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഹരിയാന, മദ്ധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പതോളം കലാകാരൻമാരാണ് കലാ പരിപാടികൾ അവതരിപ്പിച്ചത്. വർണാഭമായ വസ്ത്രധാരണത്തോടെ മദ്ധ്യപ്രദേശ് സ്വദേശികൾ അവതരിപ്പിച്ച ബദായ് നൃത്തത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തെലുങ്കാനയിലെ ഇന്ദ്രവെളി മേഖലയിലെ മഥുരി ഗോത്രവർഗത്തിന്റെ ലംബാഡ നൃത്തം കാഴ്ച്ചക്കാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കാർഷിക വിളവെടുപ്പ് സമയത്ത് ഹരിയാനയിലെ കൃഷിക്കാർ സന്തോഷസൂചകമായി അവതരിപ്പിക്കുന്ന ഫാഗ് നൃത്തം, ഹോളി, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഹരിയാനയിൽ നടത്തുന്ന ഗൂമർ നൃത്തം എന്നിവയും ശ്രദ്ധേയമായിരുന്നു. വിവാഹങ്ങളിലും ഉത്സവങ്ങളിലും അവതരിപ്പിക്കുന്ന മദ്ധ്യപ്രദേശിലെ നോൾട്ട നൃത്തം, ആഗിർ സമുദായക്കാരുടെ ബറേഡി നൃത്തം എന്നിവയും കാഴ്ച വിസ്മയം തീർത്തു. കരുനാഗപ്പള്ളി നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കലാകാരൻമാരെ സിവിൽ സ്റ്റേഷനു സമീപത്ത് നിന്നും ഘോഷയാത്രയോടെയാണ് സ്വീകരിച്ചാനയിച്ചത്. നഗരസഭാ വെസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ, സെക്രട്ടറി വി. വിജയകുമാർ, പുരോഗമന കലാസാഹിത്യ സംഘം ഏരിയാ കമ്മിറ്റി ഭാരവാഹികളായ വി.പി. ജയപ്രകാശ് മേനോൻ , ടി.എൻ. വിജയകൃഷ്ണൻ , നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ കലാകാരെ സ്വീകരിച്ചു. കലാപ്രകടനങ്ങളുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ .എ നിർവഹിച്ചു. ഭാരത് ഭവൻ കോ ഓർഡിനേറ്റർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിപാടി 24 ന് എറണാകുളം ടൗൺ ഹാളിലാണ് സമാപിക്കുന്നത്.