photo
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി കെട്ടിനിൽക്കുന്നു

പാരിപ്പള്ളി: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കി വിടുന്നത് മൂലം പരിസരവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ. ആശുപത്രിയുടെ നാലാം നമ്പർ ക്വാർട്ടേഴ്സിലെ അടുക്കളയിലെയും വനിതാ ഹോസ്റ്റലിലെ ടോയ്ലെറ്റിലെയും മലിനജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

മാലിന്യം ക്വാർട്ടേഴ്സിന് താഴെ ആഴ്ചകളായി കെട്ടിനിൽക്കുകയാണ്. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികളും പരിസരവാസികളും കൊതുകുശല്യവും ദുർഗന്ധവും മൂലം പൊറുതി മുട്ടുകയാണ്.

മാലിന്യം ശേഖരിക്കുന്ന ടാങ്ക് നിറഞ്ഞിട്ടും ആശുപത്രി അധികാരികൾ തിരിഞ്ഞുനോക്കാത്തതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കൂടാതെ മലിനജലം ഒലിച്ച് മതിലിന് അടിയിലൂടെ പരിസരപ്രദേശങ്ങളിൽ ഒഴുകിയെത്തുന്നുമുണ്ട്. ഇക്കാര്യം ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറെ ഒരാഴ്ച മുമ്പ് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നടപടി വേണമെന്നും കല്ലുവാതുക്കൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനി ആവശ്യപ്പെട്ടു.