photo
ചന്ദ്രികയുടെ വീട്ടിലേക്കുള്ള വഴി അടച്ച നിലയിൽ

കൊല്ലം: ഒറ്റയ്ക്ക് താമസിച്ചു വരുകയായിരുന്ന വയോധികയുടെ വീട്ടിലേക്കുള്ള വഴി അടച്ചത് ഒരാഴ്ചയ്ക്ക് ശേഷം അധികൃതരെത്തി തുറന്നു. ശാസ്താംകോട്ട പോരുവഴി ഇടയ്ക്കാട് മണ്ണാരോട് സുനിത ഭവനത്തിൽ ചന്ദ്രികയുടെ (62) വീട്ടിലേക്കുള്ള വഴിയാണ് കെട്ടിയടച്ചത്. പതിനൊന്നു വർഷമായി ഉപയോഗിച്ച് വന്നിരുന്ന വഴിയാണ് അയൽ വസ്തുവിന്റെ ഉടമ വൃക്ഷ ശിഖരങ്ങൾ ഉപയോഗിച്ച് ഒരാഴ്ച മുൻപ് അടച്ചത്. ചന്ദ്രികയ്ക്ക് ഒരാഴ്ചയായി വീടിന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാതെ വന്നതോടെ സംഭവം വിവാദമായി. ശൂരനാട് പൊലീസും റവന്യൂ വകുപ്പ് അധികൃതരും പ്രശ്നത്തിൽ ഇടപെട്ടു. തഹസിൽദാർ കെ. ഓമനക്കുട്ടൻ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് അധികൃതരും ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തിയാണ് വഴി തുറന്നത്. വസ്തുവും വഴിയും സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് അധികൃതർ ഇരു കൂട്ടരെയും വിളിപ്പിച്ചിട്ടുണ്ട്.