photo
കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലയിൽ പരിശീലനം സിദ്ധിച്ച കാർഷിക കർമ്മ സമിതി സേന.

കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ കാർഷിക ഭൂപടത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിച്ച് കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കാർഷിക കർമ്മ സമിതി ശ്രദ്ധ നേടുന്നു. കാർഷിക മേഖലയിൽ മികച്ച പരിശീലനം നൽകി കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുത്ത 150 തൊഴിലാളികളാണ് കാർഷിക കർമ്മ സമിതിയിൽ കണ്ണികളാകുന്നത്. കൃഷിവകുപ്പിന്റെയും കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കുള്ള കൂലി കൃഷിവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ജോലി ആവശ്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ കർമ്മ സമിതി ഉദ്യാഗസ്ഥർ നിശ്ചയിക്കുന്ന ദിവസം തൊഴിലാളികൾ വീട്ടിലെത്തി പണികൾ കൃത്യമായി ചെയ്തു കൊടുക്കും. കൂലിയൂടെ 50 ശതമാനം ആദ്യം കൃഷിഭവനിൽ അടയ്ക്കണം. ശേഷിക്കുന്ന തുക കർഷകർ ഓഫീസിൽ അടയ്ക്കണം. ജോലിക്ക് വരുന്ന തൊഴിലാളികൾക്ക് കർഷകർ കൂലി നൽകേണ്ടതില്ല. ഇതോടെ കൃഷിക്ക് തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി കുറയുമെന്നാണ് കണക്ക്കൂട്ടൽ.

 തെങ്ങ് കയറ്റം, തെങ്ങിന് തടം തെളിക്കൽ, തെങ്ങിന്റെ മണ്ട വ‌ൃത്തിയാക്കൽ, നെൽക്കൃഷി, വിത്തിടീൽ, ഞാറ് നടീൽ തുടങ്ങിയ എല്ലാ ജോലികളും കാർഷിക കർമ്മ സമിതി അംഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി നൽകും. കൂടുതൽ സ്ഥലങ്ങളിലേക്ക് കർമ്മ സമിതിയുടെ സേവനം വ്യാപിപ്പിക്കും. സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.

വി.ആർ. ബിനേഷ് (കൃഷി ഓഫീസർ)

പരിശീലനം ലഭിച്ച തൊഴിലാളികൾ : 150

സ്ത്രീകൾ: 145

പുരുഷൻമാർ: 5

കൃഷി വകുപ്പിൽ നിന്ന് കർമ്മ സമിതിക്ക് 10 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങളാണ് നൽകിയിട്ടുള്ളത്

 ശമ്പളം ബാങ്ക് അക്കൗണ്ടിൽ

എല്ലാ മാസവും ഓരോ തൊഴിലാളികളും ചെയ്യുന്ന ജോലിയുടെ സ്വഭാവമനുസരിച്ച് ശമ്പളം കൃത്യമായി കൃഷി ഭവൻ തന്നെ ബാങ്കിൽ നിക്ഷേപിക്കും. തൊഴിലാളികൾക്ക് അഡ്വാൻസായി തുക വേണമെങ്കിൽ കൃഷി ഓഫീസിൽ നിന്ന് മുൻകൂട്ടി വാങ്ങാം. ജോലിക്ക് പോകേണ്ട തൊഴിലാളികൾക്ക് വിശദ വിവരങ്ങൾ ഫോൺ മേസേജായി മുൻകൂട്ടി നൽകും. തൊഴിലാളികൾ കൃഷി ഭവനിലെത്തി തൊഴിൽ ഉപകരണങ്ങളുമായാണ് ജോലിക്ക് പോകേണ്ടത്. ട്രാക്ടറിനും, ഡ്രല്ലറിനും വാടക ഈടാക്കും.

51000 രൂപയുടെ ആദ്യ ഒാ‌ർഡർ

കർമ്മ സമിതിക്ക് കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ആദ്യ ഓർഡർ ലഭിച്ചത്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് 51000 രൂപയുടെ ഓർഡറാണ് ലഭിച്ചത്. പച്ച ട്രൗസറും തൊപ്പിയുമാണ് കർമ സേനയുടെ യൂണിഫോം.

അഗ്രോ സർവീസ് സെന്ററുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ കൂടുതൽ തൊഴിലവസരങ്ങളും തൊഴിലാളികൾക്ക് ലഭിക്കും. തൊഴിലാളികളെ പൂർണമായും ഇൻഷ്വർ ചെയ്തിട്ടുണ്ട്.