railway
രണ്ടാം കവാടത്തിലെ ആളൊഴിഞ്ഞ ടിക്കറ്റ് കൗണ്ടർ

കൊല്ലം: യാത്രക്കാർക്ക് ഏറെ പ്രതീക്ഷയേകി നിർമ്മാണം പൂർത്തിയാക്കിയ കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിൽ ഇന്ന് ആളും ആരവവുമില്ല. ആകെ ഉയർന്ന് കേൾക്കുന്നത് ഒന്നാം പ്ളാറ്റ്ഫോമിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം.

കൊട്ടാരക്കര ഭാഗത്ത് നിന്നെത്തുന്നവർക്ക് ഏറെ ആശ്വാസകരമായിരുന്നു രണ്ടാം പ്രവേശന കവാടം. വാഹനം പാർക്ക് ചെയ്യാൻ വിശാലമായ സ്ഥലം, രണ്ട് ഷിഫ്‌റ്റുകളിലായി പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടർ, രണ്ടാം പ്ലാറ്റ്ഫോം വരെ നീളുന്ന ഫുട് ഓവർ ബ്രിഡ്‌ജ്... സൗകര്യങ്ങൾ ഒരുങ്ങിയപ്പോൾ പ്രതീക്ഷയോടെ ഓട്ടോ ഡ്രൈവർമാരും സവാരി തേടി ഇവിടെയെത്തി. എന്നാൽ ആദ്യ കവാടത്തെ അപേക്ഷിച്ച് വരുമാനം ലഭിക്കാതായതോടെ എല്ലാം കെട്ടടങ്ങുകയായിരുന്നു.

 പോരായ്മകളും തിരിച്ചടിയായി

രണ്ടാം കവാടത്തിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോം വരെ മാത്രമാണ് നിലവിൽ ഫുട് ഓവർ ബ്രി‌ഡ്‌ജുള്ളത്. ഇക്കാരണത്താൽ യാത്രക്കാർ പാളങ്ങൾ മുറിച്ചു കടന്നാലേ ആദ്യ പ്ലാറ്റ്ഫോമിലെത്താൻ കഴിയൂ. മാത്രമല്ല മതിലുകൾക്കിടയിലൂടെയാണ് നടന്നു പോകാനുള്ള സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. പലപ്പോഴും യാത്രക്കാർ തമ്മിൽ കൂട്ടിയിടി പതിവാണ്. ലഗേജുകളുമായി എത്തുന്നവർക്ക് സ്ഥലപരിമിതി തലവേദന സൃഷ്‌ടിക്കുന്നുമുണ്ട്.

ഡിസ്‌പ്ളേ ബോർഡ്, റിസർവേഷൻ ചാർട്ട്, അന്വേഷണ കൗണ്ടർ തുടങ്ങിയവയൊന്നും ഒരുക്കിയിട്ടില്ലെന്നുള്ളതും രണ്ടാം കവാടത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. ടിക്കറ്റ് കൗണ്ടറിനും മേൽപ്പാലത്തിനും ഇടയിൽ മേൽക്കൂരയില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഇക്കാരണത്താൽ മഴയുള്ളപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നിന്ന് പ്ലാറ്റ് ഫോമുകളിലേക്ക് നനഞ്ഞ് പോകേണ്ട ഗതിയാണ്.

 ടിക്കറ്റ് കൗണ്ടർ പ്രവർത്തനം

രണ്ടാം പ്രവേശന കവാടം തുടങ്ങിയപ്പോൾ രണ്ട് ഷിഫ്‌റ്റുകളായിട്ടായിരുന്നു ടിക്കറ്റ് കൗണ്ടർ പ്രവർത്തനം. എന്നാൽ ഇപ്പോൾ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയുള്ള ഷിഫ്‌റ്റായി ചുരുക്കി. ഇതോടെ തിരക്കുകൂടിയ വൈകുന്നേരങ്ങളിൽ എത്തുന്നവർ ബുദ്ധിമുട്ടിലായി. ജീവനക്കാരിൽ പലരും വിരമിച്ചതോടെ നിലവിൽ ഒരു ജീവനക്കാരൻ മാത്രമാണ് ടിക്കറ്റ് കൗണ്ടറിലുള്ളത്. വരുമാന കുറവും കൗണ്ടറിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

''രണ്ടാം കവാടത്തിൽ നിന്നുള്ള നടപ്പാലത്തെ ഒന്നാം പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ ഡിസ്പ്‌ളേ‌ ബോർഡ്, റിസർവേഷൻ ചാർട്ട് തുടങ്ങിയ സൗകര്യങ്ങളും തയ്യാറാകും.''

കൊല്ലം റെയിൽവേ സ്‌റ്റേഷൻ മാസ്‌റ്റർ

 നിലവിൽ നടപ്പാലം രണ്ടാം പ്ളാറ്റ്ഫോം വരെ മാത്രം

 ഡിസ്‌പ്ളേ ബോർഡ്, റിസർവേഷൻ ചാർട്ട്, അന്വേഷണ കൗണ്ടർ എന്നിവയില്ല

 ടിക്കറ്റ് കൗണ്ടറിനും മേൽപ്പാലത്തിനും ഇടയിൽ മേൽക്കൂരയില്ല