chantha
ബൈപാസിലെ പെട്രോൾ പമ്പിന് മുന്നിൽ നിന്ന് നാട്ടുകാർ ഒഴിപ്പിച്ചതോടെ അയത്തിൽ ജംഗ്ഷനിൽ കച്ചവടം തുടങ്ങിയവരെ നഗരസഭാ ആരോഗ്യവിഭാഗവും പൊലീസും ചേർന്ന് ഒഴിപ്പിക്കുന്നു

കൊല്ലം: ബൈപ്പാസ് റോഡിൽ അയത്തിൽ പെട്രോൾ പമ്പിന് സമീപം വർഷങ്ങളായി അനധികൃതമായി പ്രവർത്തിച്ചിരുന്ന ചന്ത ഇന്നലെ പ്രദേശവാസികൾ സംഘടിച്ച് ഒഴിപ്പിച്ചു. ഒഴിഞ്ഞ കച്ചവടക്കാർ അയത്തിൽ ജംഗ്ഷനിലെത്തി കച്ചവടം തുടങ്ങിയതോടെ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി അവിടെ നിന്നും ഒഴിപ്പിച്ചു.

ഇന്നലെ രാവിലെ പതിവുപോലെ കച്ചവടക്കാർ എത്തിയപ്പോൾ പ്രദേശവാസികൾ സംഘടിക്കുകയും കച്ചവടം നടത്താൻ പറ്റില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് കച്ചവടക്കാരും പ്രദേശവാസികളും തമ്മിലുണ്ടായ തർക്കം മണിക്കൂറുകളോളം നീണ്ടു. കൂടുതൽ നാട്ടുകാർ സംഘടിച്ചതോടെ കച്ചവടക്കാർ സാധനങ്ങളുമായി 7.30ഓടെ അയത്തിൽ ജംഗ്ഷനിലെത്തി കച്ചവടം തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ നിമിഷങ്ങൾക്കകം കച്ചവടക്കാരെ ഒഴിപ്പിച്ചു. ഈ മേഖലയിലെങ്ങും റോഡ് വക്കിൽ കച്ചവടം പാടില്ലെന്ന് കർശന നിർദ്ദേശവും നൽകി.

അയത്തിലിലെ അനധികൃത ചന്ത നഗരസഭയ്ക്കും കനത്ത നഷ്ടമാണ് വരുത്തിയിരുന്നത്. ഉപഭോക്താക്കളും കച്ചവടക്കാരും കുറഞ്ഞതോടെ പള്ളിമുക്ക്, തട്ടാമല, പുന്തലത്താഴം എന്നീ ചന്തങ്ങളുടെ ലേലത്തുക നഗരസഭയ്ക്ക് ഉയർത്താനും കഴിഞ്ഞിരുന്നില്ല. നഗരസഭ വടക്കേവിള സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബുവിന്റെ നേതൃത്വത്തിലായിരുന്നു അയത്തിൽ ജംഗ്ഷനിലെ ഒഴിപ്പിക്കൽ.

 ബൈപാസിൽ ഗതാഗതകുരുക്ക്, അപകടങ്ങൾ

കൊല്ലം ബൈപാസ് പൂർണമാകുന്നതിന് മുമ്പേ ഇവിടെ ചന്ത പ്രവർത്തിച്ചിരുന്നുവെങ്കിലും ബൈപാസ് ഉദ്ഘാടനം ചെയ്തതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇതോടെ ചന്തയുടെ പ്രവർത്തന സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായി. റോഡിനിരുവശവും കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും അവരുടെ വാഹനങ്ങളും ഒക്കെയായി വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

ചന്തയുടെ പ്രവർത്തനം നിറുത്തണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല. കച്ചവടക്കാർക്ക് പകരം സ്ഥലം നൽകാൻ കോർപ്പറേഷൻ അധികൃതർ ശ്രമിച്ചെങ്കിലും സ്ഥലം കണ്ടെത്താനായില്ല.

മത്സ്യം, പച്ചക്കറി എന്നിവ അടക്കം സർവ്വസാധനങ്ങളും ഇവിടെ ലഭിക്കുമെന്നതിനാൽ ദൂരെ നിന്നുപോലും ഉപഭോക്താക്കൾ എത്തുമായിരുന്നു. ചന്ത ഒഴിപ്പിച്ചതോടെ കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ്.

 നാട്ടുകാർ സംഘടിച്ചത് പകർച്ചാവ്യാധി ഭീഷണി ഉയർന്നതോടെ

പെട്രോൾ പമ്പിന് സമീപം വർഷങ്ങൾക്ക് മുമ്പ് ഒന്നും രണ്ടും കച്ചവടക്കാർ മാത്രമുണ്ടായിരുന്ന ചന്ത വളരെ പെട്ടെന്നാണ് വളർന്നത്. രാവിലെ 5.30 ഓടെ തുടങ്ങി 9 മണിയോടെ ചന്ത അവസാനിക്കും. പുലർച്ചെ തന്നെ മീനും പച്ചക്കറിയുമൊക്കെ കിട്ടുമെങ്കിലും യാതൊരുവിധ ശുചിത്വവും കച്ചവടക്കാർ പാലിച്ചിരുന്നില്ല. വിറ്റുപോകാത്ത മത്സ്യവും പച്ചക്കറി അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചാണ് മടങ്ങിയിരുന്നത്. മഴ കൂടി പെയ്തതോടെ കൊതുകും ഈച്ചയും പെറ്റുപെരുകി. അസഹ്യമായ ദുർഗന്ധം കാരണം പരിസരവാസികൾ ശ്വാസം മുട്ടുന്ന അവസ്ഥയിലായി. അവശിഷ്ടങ്ങൾ അടുത്തിടെ നവീകരണം ആരംഭിച്ച ചൂരാങ്കിൽ തോട്ടിലേക്കും കച്ചവടക്കാർ തള്ളിയിരുന്നു. ഇനിയും ക്ഷമിച്ചാൽ പകർച്ച വ്യാധികൾ പടർന്നുപിടിക്കുമെന്ന അവസ്ഥയായതോടെയാണ് പ്രദേശവാസികൾ സംഘടിച്ചത്.