കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ പേരിൽ പുണ്യശ്രീ സ്വാമി ശാശ്വതികാനന്ദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഏറ്റവും നല്ല ശ്രീനാരായണദർശന പ്രഭാഷകനുള്ള പുണ്യശ്രീ സ്വാമിശാശ്വതികാനന്ദ പുരസ്‌കാരത്തിന് കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അർഹനായി. ശ്രീനാരായണ ഗുരുവിന്റെ ആദ്ധ്യാത്മിക ദർശനത്തെ അടിസ്ഥാനമാക്കി രാധാകൃഷ്ണൻ നടത്തുന്ന പ്രഭാഷണങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം നൽകുന്നതെന്ന് ഡോ.വെള്ളായണി അർജ്ജുനൻ, ഡോ.ഷാജി പ്രഭാകരൻ, ഡോ.എം.ശാർങധരൻ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി അറിയിച്ചു. ആദ്യ അവാർഡ് പത്തനാപുരം ഗാന്ധി ഭവൻ സാരഥി പുനലൂർ സോമരാജനാണ് ലഭിച്ചത്.
2019 ജൂലായ് ഒന്നിന് രാവിലെ 9-ന് കൊല്ലം ഫൈൻ ആർട്‌സ് ഹാളിൽ നടക്കുന്ന സ്വാമി ശാശ്വതികാനന്ദയുടെ 18-ാമത് സമാധി ദിനാചരണസമ്മേളനത്തിൽ വച്ച് ഡോ.പുനലൂർ സോമരാജൻ എസ്.രാധാകൃഷ്ണന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി തലശ്ശേരി സുധാകർജി അറിയിച്ചു.