കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിനെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ പുലിമുട്ടുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആലപ്പാട്ട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ 3 വർഷമായി ആലപ്പാട് പഞ്ചായത്തിനെ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആറാട്ട്പുഴ പോലുള്ള സ്ഥലങ്ങളിൽ സർക്കാർ തീര സംരക്ഷണത്തിന് വിവിധ നടപടി സ്വീകരിക്കുമ്പോൾ സുനാമി ദുരന്തമേഖല കൂടിയായ ആലപ്പാടിനെ പൂർണമായും ഒഴിവാക്കുകയാണ്. തീരസംരക്ഷണത്തിനായി സർക്കാർ അനുവദിച്ച 40 കോടി രൂപയുടെ വികസന പദ്ധതി അട്ടിമറിച്ചെന്നും സി.ആർ. മഹേഷ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് അഡ്വ. സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. വി. സിജു, ആർ. രാജ പ്രിയൻ, എസ്. സുഹാസിനി, ഷീബാ ബാബു , എസ്. കമലം, ആർ. ബേബി ഉല്ലാസ് എന്നിവർ സംസാരിച്ചു.