school
കൃഷ്ണകുമാർ

പുനലൂർ: വാളക്കോട് എൻ.എസ്.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ സ്കൂളിൽ കുഴഞ്ഞ് വീണ് മരിച്ചു. യു.പി.വിഭാഗത്തിലെ അദ്ധ്യാപകനായ കൊട്ടാരക്കര തിരുവാതിരയിൽ (കുഴിയിൽവീട് ) കൃഷ്ണകുമാറാണ് (51) മരിച്ചത്. ഇന്നലെ രാവിലെ 10.35ന് സ്കൂളിന്റെ മൂന്നാമത്തെ നിലയിലായിരുന്നു സംഭവം. രാവിലെ ക്ലാസിൽ എത്തിയ അദ്ധ്യാപകന് പഠിപ്പിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വരാന്തയിലെ കസേരയിൽ ചെന്ന് ഇരുന്നു. ഇതുകണ്ട് സഹ അദ്ധ്യാപകർ എത്തി കാര്യം തിരക്കി. അവരോട് സംസാരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം വൈകിട്ടോടെ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ഭാര്യ, കവിത, മക്കൾ, അരവിന്ദ് കൃഷ്ണ, ആനന്ദ് കൃഷ്ണ.

എല്ലാവരുടെയും പ്രിയപ്പെട്ട അദ്ധ്യാപകൻ

പുനലൂർ:വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻെറ പുരോഗതിക്കായി അഹോരാത്രം പ്രയത്നിച്ച അദ്ധ്യാപകന്റെ വേർപാട് സ്കൂളിന് കനത്ത ആഘാതമായി. 25 വർഷമായി പ്രൈമറി തലത്തിൽ ജോലിനോക്കിയിരുന്ന കൃഷ്ണകുമാറിനോട് കുട്ടികൾക്കും അദ്ധ്യാപകർക്കും മാനേജ്മെന്റിനും നാട്ടുകാർക്കും വലിയ ആദരവായിരുന്നു.

സ്റ്റാഫ് സെക്രട്ടറികൂടിയായ അദ്ധ്യാപകൻ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാവർക്കും മാർഗദർശിയായിരുന്നു. നാല് വർഷത്തെ സർവീസ് ബാക്കിനിൽക്കെയാണ് അന്ത്യം സംഭവിച്ചത്. സ്കൂൾ മുഖ്യരക്ഷാധികാരി കെ.മുരളീധരൻ, സ്കൂൾ മാനേജർ കെ.സുകുമാരൻ, പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക റാണി.എസ്.രാഘവൻ തുടങ്ങിയ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.