കൊല്ലം: സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം വൈ.എം.സി.എ ഹാളിൽ നടക്കുന്ന അഖിലേന്ത്യാ കരകൗശല കൈത്തറി ജൂവലറി മേള മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ വി.എസ്. സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ എൻ.കെ. മനോജ്, പേഴ്സണൽ മാനേജർ പി.കെ. സിന്ധു, മാനേജർ ടോമി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
രാവിലെ 10 മുതൽ രാത്രി 8 വരെ നടക്കുന്ന മേള 30ന് സമാപിക്കും. മേളയിൽ കരകൗശല കോർപ്പറേഷന്റെ ഉത്പന്നങ്ങൾക്ക് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി സാരികൾ, ഷർട്ടുകൾ, ഖാദി കുർത്തകൾ, പാനിപ്പട്ട് രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, എംബ്രോയിഡറി സോഫാ ചെയർബാഗുകൾ, രാജസ്ഥാൻ, ഡൽഹി, ഭാഗൽപ്പൂരി, തിരുപ്പൂർ കോട്ടൺ ചുരിദാർ ടോപ്പുകൾ, ബാംബു കെയ്ൻ, ജൂട്ട് ബാഗുകൾ, പഴ്സുകൾ, ഹൈദരാബാദ്, രാജസ്ഥാൻ പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ, രുദ്രാക്ഷ, ചന്ദന, രക്ത ചന്ദന മാലകൾ, ആറന്മുള കണ്ണാടി, ഈട്ടിയിലും തേക്കിലും തീർത്ത മനോഹര ശില്പങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, ക്ളോക്കുകൾ, നെട്ടൂർ ആഭരണ പെട്ടികൾ, എൻ.ആർ.ഐ ഗിഫ്റ്റുകൾ, ആയുർവേദ ഉത്പന്നങ്ങൾ, ചന്ദനത്തിരികൾ തുടങ്ങിയ ഉത്പന്നങ്ങൾ ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള സൗകര്യമുണ്ട്.