കൊല്ലം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം 600 രൂപയായി ഉയർത്തണമെന്നും മുഴുവൻ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം നൽകണമെന്നും തൊഴിലുറപ്പ് പദ്ധതി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനം കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കുന്ന വർദ്ധന തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകണമെന്ന് തൊഴിലുറപ്പ് നിയമത്തിൽ വ്യവസ്ഥയുണ്ട്. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഈ സാമ്പത്തികവർഷം ഇതുവരെ തൊഴിലുറപ്പ് ജോലി നൽകിയിട്ടില്ല. ജോലി നൽകിയില്ലെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉപരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് വിമൽരാജ്, യൂസഫ് കുഞ്ഞ്, അയത്തിൽ തങ്കപ്പൻ, മൈലക്കാട് സുനിൽ, വി.ഫിലിപ്പ്, വി.എസ് വിനോദ്, സുഗതകുമാരി, പനയം സജീവ്, ബിന്ദു വിജയകുമാർ, ഒ.ബി.രാജേഷ്, ബീന സതീഷ്, കുണ്ടറ സുബ്രഹ്മണ്യൻ, ഗിരിജ എസ്. പിള്ള, ശശാങ്കൻ ഉണ്ണിത്താൻ, കുളത്തൂപ്പുഴ സുനിൽ എന്നിവർ പ്രസംഗിച്ചു.