photo
അപകടത്തിൽപ്പെട്ട വാഹനം

കുണ്ടറ: നിയന്ത്രണംവിട്ട് കരണം മറിഞ്ഞ കാറിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ വായനശാല ജംഗ്ഷൻ കരയോഗമന്ദിരത്തിന് സമീപം ആണിപ്പള്ളിൽ വീട്ടിൽ മണികണ്ഠൻപിള്ള,ഉഷാകുമാരി ദമ്പതികളുടെ മകൻ നിഥിനാണ് (കണ്ണൻ, 28) മരിച്ചത്. മൊബൈൽ ടവർ ടെക്നീഷ്യനായിരുന്നു. വിപിൻ, അഖിൽ എന്നിവർ സഹോദരങ്ങളാണ്.

ചെങ്ങന്നൂരിലെ കോളജിൽ പഠിക്കുന്ന ബി.കോം വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്.

കാറിലുണ്ടായിരുന്ന ഒരു യുവതിക്ക് കൈയ്ക്ക് സാരമായ പരിക്കുണ്ട്.

മാമൂട് വർക്ക്‌ഷോപ്പ് ജംഗ്ഷനുസമീപം തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണംവിട്ട് വശത്ത് നിറുത്തിയിട്ടിരുന്ന സ്വകാര്യബസിൽ തട്ടിയശേഷം മറിയുകയായിരുന്നു.

കൊല്ലം ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്ന നിഥിന്റെ മുകളിലേക്കാണ് വാൻ ആദ്യകരണം മറിഞ്ഞത്. അടിയിൽപ്പെട്ട നിഥിൻ തൽക്ഷണം മരിച്ചു. മൂന്നു കരണം മറിഞ്ഞാണ് വാൻ നിന്നത്. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.

ചെങ്ങന്നൂരിൽനിന്ന് വാടകയ്‌ക്കെടുത്ത കാറിലായിരുന്നു വിദ്യാർത്ഥികൾ സഞ്ചരിച്ചത്. മൂന്നുപെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമടങ്ങുന്ന സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്ന പാണ്ടനാട് സ്വദേശി സുബിൻ കെന്നഡിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിന് കൈമാറി.സുബിൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെൺകുട്ടികൾ അടക്കം മറ്റു അഞ്ച് പേർക്കും പരിക്കേറ്റു.