കൊട്ടാരക്കര: ഇന്നോവ കാറിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തിയതിന് മൂന്നര ലക്ഷത്തിന്റെ ലഹരി ഉൽപ്പന്നങ്ങൾ സഹിതം രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര ഫെയ്ത്ത്ഹോമിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 6000 പായ്ക്കറ്റ് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടിയത്. കാർ ഡ്രൈവർ തിരുവനന്തപുരം വെള്ളറട പൊന്നാമ്പി പണയപ്പാടി വീട്ടിൽ ഷാജി സ്റ്റാൻലിൻ (38), വാളകം പൊലിക്കോട് ജംഗ്ഷനിലെ ഉത്രാടം ബേക്കറി ഉടമ പൊലിക്കോട് ഉത്രാടത്തിൽ രാജേന്ദ്രൻ പിള്ള (43)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ പരിസരത്ത് ലഹരി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനാൽ പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നുമാണ് നിരോധിത ലഹരി വസ്തുക്കൾ കൊണ്ടുവന്നത്. രാജേന്ദ്രൻ പിള്ളയുടെ ബേക്കറിയിൽ പാൻമസാല നൽകിയശേഷം സ്കൂൾ പരിസരത്തെ കടകൾ തേടി പോകുന്നതിനിടെയാണ് ഷാജി പിടിയിലാകുന്നത്. കാറിൽ നിന്ന് രണ്ടു ചാക്കുകളിലായി ഒന്നര ലക്ഷത്തിലധികം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തുടർന്ന് രാജേന്ദ്രൻ പിള്ളയുടെ കടയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.