al
സഹജീവികൾ കനിഞ്ഞാൽ രാജേന്ദ്രന് ജീവൻ നിലനിർത്താം

പുത്തൂർ: നിത്യവൃത്തിക്ക് തന്നെ ബുദ്ധിമുട്ടുന്ന രാജേന്ദ്രൻ കരൾ മാറ്റി വെയ്ക്കാനായി സുമനസുകളുടെ സഹായം തേടുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ എസ്.എൻ. പുരം കാഞ്ഞിരവിള കിഴക്കേതിൽ രാജേന്ദ്രനെ (48 )രണ്ട് കൊല്ലമായി കരൾ രോഗം അലട്ടുകയാണ്. മഞ്ഞപ്പിത്തമാണെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരൾരോഗമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സിയുവിലാണ് ഇപ്പോൾ രാജേന്ദ്രൻ. കരളിന്റെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് കരൾ മാറ്റി വയ്ക്കുക മാത്രമാണ് ജീവൻ നിലനിറുത്താനുള്ള ഏക മാർഗം. അതിനായി എകദേശം 35 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയുമടങ്ങിയ കുടുംബം രാജേന്ദ്രൻ കിടപ്പിലായതോടെ വളരെ ബുദ്ധിമുട്ടിലാണ്. കിടപ്പാടമടക്കമുള്ള സകല സമ്പാദ്യവും വിറ്റും പണയം വെച്ചുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. രാജേന്ദ്രന് ജീവതത്തിലേക്ക് തിരികെയെത്താനായി ഗ്രാമ പഞ്ചായത്തംഗം ബാബു ലാൽ രക്ഷാധികാരിയായ സമിതി രൂപീകരിച്ച് ചികിത്സാ നിധി കണ്ടെത്താനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ട്. രാജേന്ദ്രന്റെ ഭാര്യ ദീപ മോളുടെ പേരിൽ പുത്തൂർ ഇന്ത്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 779772197. ഐ.എഫ്.എസ്.സി കോഡ്: IDIBO00PO84. ഫോൺ: 9846755166.