പത്തനാപുരം: മൂട്ടിപഴത്തിന് വിപണിയിലും മാധുര്യമേറുന്നു. പശ്ചിമഘട്ട മലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപഴം അടുത്തകാലത്താണ് വില്പനയ്ക്ക് എത്തിത്തുടങ്ങിയത്. കേരളത്തിലെ വനമേഖലയിൽ അപൂർവണിത്. മൂട്ടിപുളി, മൂട്ടികായ്പൻ, കുന്തപഴം എന്നീ പേരുകളിലും അറിയപ്പെടും.വേനൽകാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്. മരത്തിന്റെ തായ്തടിയിൽ മാത്രമാണ് കായ് ഉണ്ടാകുക. ജൂൺ, ജൂലായ് മാസത്തിലാണ് പാകമാകുന്നത്. ഒരു കാലത്ത് വനവാസികൾ മാത്രം ഉപയോഗിച്ചിരുന്ന പഴവർഗമാണിത്. ഇതിന്റെ തോട് അച്ചാറായി ഉപയോഗിക്കുന്നുണ്ട്. മലയണ്ണാൻ, കരടി എന്നിവയുടെ ഇഷ്ടവിഭവമാണ് മൂട്ടിപ്പഴം. വിപണിയിൽ 200 രൂപയ്കക്ക് മുകളിലാണ് വില. ജലാംശം കൂടുതൽ ഉള്ളതിനാൽ വിറ്റാമിൻ, പ്രോട്ടീൻ എന്നിവ കൂടുതലുണ്ട്. നിത്യഹരിത വനങ്ങളിൽ മാത്രമാണ് മൂട്ടിമരം വളരുന്നത്. മൂട്ടിപഴത്തിന് ആവശ്യക്കാർ എറെയാണെന്ന് വ്യാപാരികൾ പറയുന്നു. വനവിഭവത്തിന്റെ രുചിതേടി മറ്റ് ജില്ലകളിൽ നിന്നുവരെ ആവശ്യക്കാർ കിഴക്കൻ മേഖലയിലേക്ക് എത്തുന്നുണ്ട്.