പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന ഓട നവീകരിക്കാത്തത് മൂലം റീ ടാറിംഗ് കഴിഞ്ഞ പുനലൂർ - ശിവൻകോവിൽ റോഡ് ഇടിഞ്ഞിറങ്ങുന്നു. ഓട നവീകരിക്കാത്തതിനാൽ മഴവെളളം ഒഴുകിയെത്തി പാതയോരം ഇടിഞ്ഞ് പഴയ ഓടയിലേക്ക് തന്നെ വീഴുകയാണ്. ഭരണിക്കാവ് റോഡിലെ ഓടയിൽ നിന്ന് ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം ശിവൻകോവിൽ റോഡിലേക്ക് എത്തുന്നത് കാരണമാണ് പാതയോരം ഇടിയുന്നത്. മൂന്ന് മാസം മുമ്പ് പെയ്ത കനത്ത മഴയിൽ ശിവൻകോവിൽ റോഡിലേക്ക് ഒഴുകിയെത്തിയിരുന്ന മഴവെള്ളം യൂണിയൻ ഓഫീസിലെ ഗ്രൗണ്ടിലേക്ക് കയറി ചെളിക്കുണ്ട് രൂപപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഒാഫീസിലെത്തുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. തുടർന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, ഇപ്പോഴത്തെ യോഗം അസി. സെക്രട്ടറിയായ വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ തുടങ്ങിയവർ പൊതുമാരാമത്ത് വകുപ്പ് അസി. എക്സ്യൂട്ടീവ് എൻജിനിയർ ജലജയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു. ഉടൻ തന്നെ സംഭവസ്ഥലം സന്ദർശിച്ച എൻജിനിയർ യൂണിയൻ ഓഫീസിന് മുന്നിലെ ഓട എത്രയും പെട്ടെന്ന് നവീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതാണ് ശക്തമായ മഴയിൽ പാതയോരം ഇടിഞ്ഞിറങ്ങാനുള്ള പ്രധാനകാരണം.
ഒാട നവീകരിച്ചില്ലെങ്കിൽ റോഡ് ഇനിയും ഇടിയും
കാലവർഷം ശക്തമാകുന്നതോടെ പുനലൂർ - ശിവൻകോവിൽ റോഡ് കൂടുതൽ ഇടിഞ്ഞിറങ്ങാനാണ് സാദ്ധ്യത. 15.25 കോടി രൂപ ചെലവഴിച്ചാണ് നഗരസഭാ പ്രദേശങ്ങളിലെ ആറ് സമാന്തര റോഡുകൾ നവീകരിച്ചത്. റോഡുകൾ നവീകരിക്കുന്നതിന് ആനുപാതികമായി ഒാട നവീകരിക്കാത്തതാണ് പുനലൂർ-ശിവൻകോവിൽ റോഡിൻെറ പാതയോരം മഴയത്ത് ഇടിഞ്ഞിറങ്ങാൻ കാരണം. ഇവിടത്തെ പഴയ ഓട നവീകരിച്ചാൽ പാതയോരം ഇടിഞ്ഞിറങ്ങുന്നതും യൂണിയൻ ഓഫീസിലേക്ക് മഴയത്ത് ചെഴി വെള്ളം കയറുന്നതും ഒഴിവാക്കാൻ കഴിയും.