ഓച്ചിറ: പ്രണയാഭ്യർത്ഥന നടത്തി യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയും പിന്നീട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയഴീക്കൽ പടിറ്റടത്ത് വീട്ടിൽ ശ്യാംകുമാറാണ് (32) അറസ്റ്റിലായത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ പരാതിയെ തുടന്നാണ് അറസ്റ്റ്. യുവതിയുടെ ഭർത്താവിന് വിദേശത്താണ് ജോലി. ഒരു കുട്ടിയുണ്ട്. സാക്ഷരതാ പ്ലസ് ടു തുല്യതാ പഠന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം മുമ്പ് വീട്ടിലെത്തി ശല്യപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു. പിന്നീട് നിരന്തരം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ച യുവതി കഴിഞ്ഞ ഒരുമാസമായി മണപ്പള്ളിയിലുള്ള ബന്ധുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം തഴവ കുറ്റിപ്പുറം ജംഗ്ഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ശ്യാം കുമാറിന്റെ ഭാര്യ രണ്ടുവർഷം മുമ്പ് ഇയാളെ ഉപേക്ഷിച്ചിരുന്നു. ശ്യാംകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.