പുനലൂർ:ഉത്തരാഖണ്ഡിൽ ഡ്യൂട്ടിക്കിടെ ഉരുൾപൊട്ടലിൽ അകപ്പെട്ട് വീരമൃത്യു വരിച്ച സൈനികൻ പുനലൂർ ചെമ്മന്തൂർ കരിമ്പുംമണ്ണിൽ വീട്ടിൽ കുഞ്ഞുമോന് (54) പൂർണ്ണ സൈനിക ബഹുമതികളോടെ ജന്മനാട് വിട നൽകി. ഇന്നലെ വൈകിട്ട് 4ന് തൊളിക്കോട് സെന്റ് തോമസ് മർത്തോമ്മ ചർച്ച് സെമിത്തേരിയിലായിരുന്നു സംസ്ക്കാരച്ചടങ്ങ്. പുനലൂരിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 8.30ന് ചെമ്മന്തൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.രാജു, പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, പുനലൂർ ആർ.ഡി.ഒ നിഷാറ്റ്, പുനലൂർ സി.ഐ.ബിനുവർഗീസ് തുടങ്ങിയവർ ഉൾപ്പെടെ നാടിൻെറ നാനാതുറകളിൽപ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ഭൗതിക ശരീരം സൈനിക, പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ തൊളിക്കോട് ദേവാലയത്തിൽ എത്തിച്ചു. ഡോ.യൂയാക്കീം മാർ കൂറിലോസ് മെത്രാപൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടത്തി.
ഉത്തരാഖണ്ഡ് ഡാർചൂളയിലാണ് ദുരന്തം സംഭവിച്ചത്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മൃതദേഹം വെളളിയാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സൈനിക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയശേഷം പുനലൂരിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ഭാര്യ, അന്നമ്മ, മക്കൾ നവീൻ,നൂതൻ.