ഓച്ചിറ/ ചെങ്ങന്നൂർ: ആക്രി പെറുക്കി ജീവിക്കുന്ന സഹോദരന്റെ ജഡം സഹോദരിയും ഭർത്താവും ഓച്ചിറയിൽ നിന്ന് ഇരുചക്രവാഹനത്തിൽ ഇരുത്തി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. റോഡിൽ ഉരഞ്ഞ് ശരീരത്തിലേറ്റ പരിക്ക് കണ്ട് ഡോക്ടർ പൊലീസിൽ അറിയിച്ചു. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതോടെ സഹോദരിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട് ശിവകാശി കണ്ണാങ്കി കോളനി വിതുർ നഗറിൽ മിക്കൽരാജ് (പുളി-21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സഹോദരി കസ്തൂരി, ഭർത്താവ് വെളളമുത്തു (മാസഗണി) എന്നിവരാണ് കസ്റ്റഡിയിലായത്.
പൊലീസ് പറയുന്നതിങ്ങനെ: 24ന് പുലർച്ചെ രാജിനെ മരിച്ചനിലയിൽ കസ്തൂരിയാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തുകയായിരുന്ന തങ്ങൾ കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലുമായാണ് ഉറങ്ങിയിരുന്നതെന്നും ഉറക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച മിക്കൽരാജിനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും പറഞ്ഞു.ആശുപത്രിയിലെത്തിക്കുമ്പോൾ മിക്കൽരാജിന്റെ ഇടതുകാലിന്റെ മൂന്ന് വിരൽ നഷ്ടപെട്ടിരുന്നു. വലതുകാൽ ഉരഞ്ഞ് മുറിഞ്ഞിരുന്നു.
പാണ്ടനാട് വാടകയ്ക്കു താമസിക്കുകയായിരുന്ന ഇവർ ഏതാനും ദിവസം മുമ്പാണ് ഓച്ചിറ ക്ലാപ്പനയിലെ വാടകവീട്ടിലേക്ക് മാറിയത്. മിക്കൽരാജിന് ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നതായും ഭാര്യ ഉപേക്ഷിച്ചതാണെന്നും കസ്തൂരി പറഞ്ഞു. ഞായറാഴ്ച രാത്രി വരാന്തയിൽ തൂങ്ങി നിൽക്കുന്നതു കണ്ട് അഴിച്ച് താഴെ ഇറക്കിയെന്നും തുടർന്ന് ബന്ധുക്കൾ തങ്ങുന്ന ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയെന്നുമാണ് മൊഴി. കസ്തൂരിയുടെ ഭർത്താവിന്റെ ബൈക്കിൽ മൃതശരീരം നടുക്ക് ഇരുത്തി പിന്നിൽ കസ്തൂരിയും ഇരുന്നാണ് മൃതദേഹം കൊണ്ടുപോയത്. യാത്രയിലുടനീളം മൃതശരീരത്തിന്റെ കാലുകൾ റോഡിൽ ഉരഞ്ഞുകൊണ്ടിരുന്നു. പൊലീസ് കൊലപാതക സാധ്യത തള്ളിക്കളയുന്നില്ല.പ്രതികളെ ചെങ്ങന്നൂർ പൊലീസ് ഓച്ചിറ പൊലീസിന് കൈമാറി.