# കൊടിതോരണങ്ങളും ബാനറും ഇന്നലെയും നീക്കിയില്ല
# വിദ്യാർത്ഥികൾക്കെതിരെ നടപടിയ്ക്ക് സ്റ്റാഫ് കൗൺസിൽ
# പൊലീസ് എത്തും, അക്രമികൾക്ക് സംരക്ഷണം ഒരുക്കാൻ
കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിൽ എസ്.എഫ്.ഐയുടെ പേരിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ നടത്തുന്ന അഴിഞ്ഞാട്ടം കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് തന്നെ തടസ്സമാകുന്നു. കോളേജ് വളപ്പിൽ രാഷ്ടീയ പ്രവർത്തനം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും ഉത്തരവിനെ പുല്ലാക്കി വളപ്പ് മുഴുവൻ എസ്.എഫ്.ഐ യുടെ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നിറഞ്ഞിരിക്കുകയാണ്. പെയിന്റടിച്ച് വൃത്തിയാക്കിയ ചുവരുകളിൽ എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങളും നേതാക്കളുടെ ചിത്രങ്ങളും വരച്ച് വികൃതമാക്കിയിരിക്കുകയാണ്. ഇത് ചോദ്യംചെയ്യുന്ന അദ്ധ്യാപകർക്കോ പ്രിൻസിപ്പലിനോ ജീവഭയത്തോടെ കഴിയേണ്ട അവസ്ഥയാണ്. അദ്ധ്യാപകരെപ്പോലും ഭീഷണിപ്പെടുത്തുമെന്നതിനാൽ പരസ്യമായി ഇടപെടാൻ ആരും തയ്യാറല്ല. ഇടപെടുന്ന അദ്ധ്യാപകരുടെ വാഹനങ്ങൾ കേടാക്കുകയോ മാരകായുധങ്ങൾ ഉപയോഗിച്ച് വികൃതമാക്കുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്.
കോടതി ഉത്തരവിനോട്
മുഖം തിരിച്ച് പൊലീസും
കോളേജിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള അതിക്രമം രൂക്ഷമായപ്പോഴാണ് 2015 ഒക്ടോബറിൽ കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനും അന്നത്തെ പ്രിൻസിപ്പലും ഹൈക്കോടതിയിൽ നിന്ന് അനകൂല ഉത്തരവ് നേടിയത്. കോളേജ് വളപ്പിനുള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുഷ്ത്താക്ക് നൽകിയ ഉത്തരവിനെ തുടർന്ന് കുറച്ചുകാലം വലിയ പ്രശ്നങ്ങളില്ലായിരുന്നു. കേസിലെ എതിർകക്ഷികളായ ഡി.ജി.പി, കൊല്ലം എ.സി.പി, ഈസ്റ്റ് സി.ഐ എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയത്. ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. കോളേജിൽ സംഘർഷം ഉണ്ടാകുമ്പോൾ കാമ്പസിന് പുറത്ത് പൊലീസിനെ വിന്യസിക്കാറുണ്ട്. എന്നാൽ അത് അക്രമികളെ സംരക്ഷിക്കാനാണെന്നാണ് കോളേജ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ കോളേജ് പ്രവേശന കവാടത്തിലും കാമ്പസിലും ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഇന്നലെ വരെയും പൊലീസ് ഇടപെടുകയോ കൊടിതോരണങ്ങൾ മാറ്റുകയോ ചെയ്തിട്ടില്ല. എസ്.എൻ കോളേജിനെ ശ്രീകുമാറിന്റെ കലാലയമാക്കിയ ബാനറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും അതും മാറ്റാൻ കൂട്ടാക്കിയിട്ടില്ല. എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിൽ മുട്ടുവിറയ്ക്കുകയാണ് പൊലീസെന്നാണ് ആക്ഷേപം.പൊലീസിന്റെ ഇടപെടൽ ഉണ്ടാകില്ലെന്നുറപ്പായതോടെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനെ കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തിയിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കോളേജിൽ രാത്രി താമസമാക്കി
സാമൂഹ്യവിരുദ്ധർ
പകൽ മാത്രമല്ല, രാത്രിയിലും കോളേജിനുള്ളിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് മദ്യപാനവും മറ്റും നടക്കുന്നതായി പരാതിയുണ്ട്. രാത്രി മതിൽ ചാടിക്കടന്നെത്തുന്ന സാമൂഹ്യ വിരുദ്ധർക്കൊപ്പം ഇവിടത്തെ വിദ്യാർത്ഥി നേതാക്കളുമുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് ഇവർ തമ്പടിക്കുന്നത്. കോളേജിലെ എൻ.എസ്.എസിന്റെ മുറി ഇക്കൂട്ടർ കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രിൻസിപ്പൽ ഇടപെട്ട് മുറിയുടെ താക്കോൽ തിരികെ വാങ്ങിയതോടെ മറ്റു മുറികളിലാണ് തമ്പടിക്കുന്നത്.
വിദ്യാർത്ഥികൾക്കെതിരെ
നടപടിയ്ക്ക് സ്റ്റാഫ് കൗൺസിൽ
കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും കോടതി ഉത്തരവ് ലംഘിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ഇന്നലെ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു. അനധികൃതമായി കോളേജ് വളപ്പിൽ സ്ഥാപിച്ച തോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാറ്റിയില്ലെങ്കിൽ ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധിച്ചു
ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള കോളേജിനെ ശ്രീകുമാറിന്റെ കലാലയമാക്കി ആക്ഷേപിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ കൗൺസിൽ ചേർന്ന് ഇതുസംബന്ധിച്ച് തുടർനടപടികൾ ആലോചിക്കുമെന്ന് സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു.