heart

കൊല്ലം: ഇരുപതു തവണ ഹൃദയസ്‌തംഭനം അനുഭവപ്പെട്ട തൊണ്ണൂറുകാരനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം. ചവറ സ്വദേശി ശിവരാമപിള്ള നെഞ്ചു വേദനയുമായാണ് ആശുപത്രിയിലെത്തിയത്. ചികിത്സയിലിരിക്കെ തുടർച്ചയായി ഹൃദയ സ്‌തംഭനമുണ്ടായി. 20 തവണയിലധികം ഡിസി ഷോക്ക് നൽകിയെന്ന് ആശുപത്രി ഡയറക്ടർ വലിയത്ത് മുഹമ്മദ് ഷാ, ചികിത്സ നടത്തിയ ഡോ.വി.കെ.ജി. രാജശേഖർ, ഡോ.വൈശാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടർ ചികിത്സയിലൂടെ രോഗത്തിന്റെ അടിസ്ഥാന പ്രശ്നം പരിഹരിച്ച് ബ്ലോക്ക് നീക്കം ചെയ്തു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായും അവർ പറഞ്ഞു.